തിരുവനന്തപുരം: കേരളത്തിലെ സര്‍വീസ് മേഖലയാകെ അഴിമതി മുക്തമാണെന്ന് പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെറ്റായ ശൈലികളും മാമൂലുകളും പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല. അഴിമതി കണ്ടില്ലെന്ന് നടിക്കരുത്. ശക്തമായി ഇടപെടണം. താഴെ തലത്തില്‍ വില്ലേജ് ഓഫീസ് വരെ അഴിമതി മുക്തമാകണം. സെക്രട്ടറിമാരും വകുപ്പുതലവന്മാരും കളക്ടര്‍മാരും ഇടപെട്ടാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു ദിവസമായി നടന്ന കളക്ടര്‍മാരുടെയും വകുപ്പുതലവന്മാരുടെയും യോഗത്തില്‍ ചര്‍ച്ച ഉപസംഹരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓഫീസുകളില്‍ വൈകി എത്തുകയും നേരത്തെപോകുകയും ചെയ്യുന്നത് പതിവാക്കിയവരുണ്ട്. ഇക്കാര്യം വകുപ്പ് മേധാവികള്‍ ശ്രദ്ധിക്കണം. ജീവനക്കാരുടെ സംഘടനകളൊന്നും ഈ പ്രവണതയെ അനുകൂലിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്നും വകുപ്പുതലവന്മാര് മനസ്സിലാക്കണം. തീരുമാനങ്ങള്‍ എടുക്കന്നതില്‍ മേലുദ്യോഗസ്ഥന്മാര് മാതൃകയായിരിക്കണം. കാലതാമസം നീതിനിഷേധമാണ്. അത് അഴിമതിക്ക് അവസരമൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ വ്യവസായമോ കച്ചവട സംരംഭമോ ആരംഭിക്കാന്‍ സര്‍ക്കാരിനെ സമീപിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നമുക്ക് നഷ്ടപ്പെട്ടുപോയി. മുതല്‍ മുടക്കാന്‍ വരുന്നവരെ പലപ്പോഴും ശത്രുവിനെപ്പോലെയാണ് കാണുന്നത്. വ്യവസായങ്ങള്‍ക്ക് എളുപ്പത്തില്‍ അനുമതി നല്‍കുന്നതിനാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ലെങ്കില്‍ തടസ്സങ്ങള്‍ നിലനില്ക്കും. സംസ്ഥാനത്തിന്റെ പുരോഗതിക്ക് വ്യവസായ മുതല്‍മുടക്ക് അനിവാര്യമാണ്. എല്ലാ കാര്യങ്ങളും സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല. ഇത് മനസ്സിലാക്കി നിക്ഷേപകരെ ബുദ്ധിമുട്ടിക്കുന്ന സമീപനം ഒഴിവാക്കണം. എന്നാല്‍ നിയമനിഷേധം കണ്ടില്ലെന്ന് നടിക്കരുത്. ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് ഇടപെടണം-മുഖ്യമന്ത്രി പറഞ്ഞു.