അബുദാബി: സഹിഷ്ണുതാ ദേശീയോത്സവത്തിന് അബുദാബി ഉം അല്‍ എമിറാത്തി പാര്‍ക്കില്‍ തുടക്കമായി. യു.എ.ഇ. സഹിഷ്ണുതാ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഐ.ബി.പി.ജി.യും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങ് യു.എ.ഇ. സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രങ്ങളെയും സംസ്‌കാരങ്ങളെയും വ്യക്തികളെയും ഒരുമിപ്പിക്കാന്‍ സഹിഷ്ണുതയില്‍ അധിഷ്ഠിതമായ ഭരണ സംവിധാനത്തിനാണ് യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ തുടക്കം കുറിച്ചതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ പറഞ്ഞു.
ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി ചടങ്ങില്‍ പങ്കെടുക്കാനെത്തി. ഇന്ത്യ യു.എ.ഇ. ബന്ധം ഇപ്പോള്‍ ഏറെ ശക്തമായിരിക്കുകയാണെന്നും അതിന്റെ ഭാവി ഏറെ ആത്മവിശ്വാസം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ചിത്രകാരന്‍ വിലാസ് നായക് വരച്ച മഹാത്മാ ഗാന്ധിയുടെയും ശൈഖ് സായിദിന്റെയും ചിത്രങ്ങള്‍ ശൈഖ് നഹ്യാന് സമ്മാനിച്ചു. ചടങ്ങില്‍ വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.