വർക്കല : സ്വാതന്ത്ര്യം എന്നാൽ എന്തും ചെയ്യാൻ ഉള്ള അവകാശം അല്ല എന്ന സന്ദേശം നൽകി കൊണ്ട് ലോകത്തിലെ ഏറ്റവും വേഗം കൂടിയ മനുഷ്യൻ എന്ന യു ആർ എഫ് ബഹുമതി നേടിയ മാന്ത്രികൻ “സ്വാതന്ത്ര്യം തന്നെ അമൃതം” എന്ന പേരിൽ അവതരിപ്പിച്ച സാഹസിക പ്രകടനം കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അറുപതടി നീളമുള്ള ചങ്ങലയും നാൽപത്തഞ്ച് താഴുകളുമുപയോഗിച്ചു ബന്ധിച്ച് ശിരസ്സ് പുറത്തു വരുന്ന രീതിയിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാൻഡിൽ ബന്ധിച്ചു. മാന്ത്രികന്റെ തലയിലേക്ക് വീഴത്തക്ക രീതിയിൽ നൂറ്റിയിരുപത് കിലോയോളം ഭാരമുള്ള ഒരു കൂറ്റൻ മഴു ടൈമറിൻ്റെ സഹായത്തോടെ ഒരുക്കിയിരുന്നു. അറുപത് സെക്കന്റ് പൂർത്തിയാകുമ്പോൾ മഴുവിനെ പിടിച്ചു നിർത്തിയ ടൈമർ മഴുവിന്റെ ബന്ധം വിച്ഛേദിക്കുകയും മഴു മാന്ത്രികന്റെ തലയിലേക്ക് വീഴുകയും ചെയ്യും. മാന്ത്രികനെ സ്റ്റാൻഡിൽ ബന്ധിച്ച ഉടനെ ടൈമർ പ്രവർത്തനം ആരംഭിച്ചു. അറുപത് സെക്കന്റ് പൂർത്തിയായതും മഴു താഴേക്ക് പതിച്ചു. എന്ത് സംഭവിച്ചു എന്നറിയാതെ കാണികൾ ഞെട്ടി നിൽക്കുമ്പോൾദേശീയ പതാകയുമേന്തി കാണികളുടെ മുമ്പിൽ ഹാരിസ് താഹ ചെറുപുഞ്ചിരിയോടെ പ്രത്യക്ഷപ്പെട്ടു.വർക്കല പാരഡൈസ് പബ്ലിക് സ്കൂളിലെ പി ആർ ഒ ആണ് ഹാരിസ് താഹ. യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറം ജൂറി ചെയർമാൻ ഡോ.ഗിന്നസ് സുനിൽ ജോസഫ് ,ഗിന്നസ് & യു.ആർ.എഫ് റിക്കോർഡ്സ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ ഹാരിസിനെ അഭിനന്ദിച്ചു