ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലെ വിവാദപരാമര്‍ശവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവിലെത്തി പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ പൃഥിരാജ്. ചിത്രത്തില്‍ ഒരു രംഗത്ത് പൃഥിരാജിന്റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം അഹല്യ എന്ന പേര് പരാമര്‍ശിച്ചുകൊണ്ടു പറയുന്ന ഡയലോഗ് ആണ് പരാതിക്കു കാരണമായത്. വിഷയത്തില്‍ പൃഥിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നു. ആശുപത്രിയുടെ പേര് മോശമായി ഉപയോഗിച്ചെന്ന് കാട്ടി അവര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സീനില്‍ അഭിനയിക്കുമ്പോഴോ ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരില്‍ വലിയ പാരമ്പര്യം ഉള്ള ഒരു ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്ത്യയിലും പുറത്തും പ്രവര്‍ത്തിച്ചു വരുന്നതായി അറിയില്ലായിരുന്നുവെന്ന് പൃഥിരാജ് പറയുന്നു. അതുകൊണ്ടു തന്നെ ഈ സിനിമയില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റല്‍ തികച്ചും സാങ്കല്‍പ്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ. എന്നാല്‍ ഇത്തരത്തിലുള്ള പരാമര്‍ം ആഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഉടമസ്ഥതയ്ക്കും, സ്റ്റാഫ് അംഗങ്ങള്‍ക്കും അവിടെ വര്‍ക്ക് ചെയ്യുന്ന ഡോക്ടേഴ്‌സിനും വലിയ രീതിയില്‍ വിഷമം ഉണ്ടാക്കി എന്നു ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലെ പ്രധാന നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും ഞാന്‍ മാപ്പു ചോദിക്കുന്നു. മുന്‍പ് അദ്ദേഹം ഈ വിഷയത്തില്‍ ഖേദപ്രകടനം നടത്തിയിരുന്നു. നേരത്തെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രംഗങ്ങള്‍ സിനിമയില്‍ നിന്നും നീക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ബോക്‌സോഫീസില്‍ നിന്നും വലിയ വിജയമാണ് നേടിയത്.