കണ്ണൂര്‍: സോളാര്‍ വിവാദത്തിലെ സര്‍ക്കാര്‍ നടപടി ബിജെപിയെ സഹായിക്കാനാണെന്നും കേരളത്തില്‍ യുഡിഎഫിനെ ദുര്‍ബലമാക്കി ബിജെപിയെ വളര്‍ത്താനാണു ശ്രമമെന്നും സിപിഎം ബിജെപി അവിഹിത ബന്ധം വ്യക്തമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിപിഎം ബിജെപി അവിഹിത ബന്ധം വ്യക്തമാണെന്നും പിണറായി സര്‍ക്കാര്‍ മാറിത്തന്നാല്‍ കേരളം ഭരിക്കാന്‍ പ്രതിപക്ഷം തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കായല്‍ കയ്യേറിയെന്നു മന്ത്രിക്കെതിരെ കലക്ടര്‍ റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍, കലക്ടര്‍ക്കു തെറ്റുപറ്റിയെന്നാണ് അതേ മന്ത്രി പറയുന്നതെന്നും റിപ്പോര്‍ട്ട് എങ്ങനെ വേണമെന്നു പ്രതി തന്നെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണമായി മരവിച്ചു. എല്ലാ വകുപ്പുകളും സ്തംഭിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഭരണപരാജയം പ്രതിപക്ഷത്തിന്റെ വീഴ്ചയല്ല. സര്‍ക്കാര്‍ മാറിത്തന്നാല്‍ ഞങ്ങള്‍ ഭരിക്കാന്‍ തയാറാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്നു വി.ടി.ബല്‍റാം എംഎല്‍എ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.