ന്യൂഡല്‍ഹി:സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ നടപടി ചോദ്യം ചെയ്ത് അലോക് കുമാര്‍ വര്‍മ്മ സുപ്രീംകോടതിയിലേക്ക്.മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് മുഖേന കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.നടപടി നിയമ വിരുദ്ധമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലാണിതെന്നും പ്രശാന്ത് ഭൂഷണ് പറയുന്നു.
നരേന്ദ്രമോഡിയുടെ ഇഷ്ടക്കാരനായ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ അഴിമതി ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് അസ്താനയ്ക്കുണ്ടായ പകയാണ് അലോക് കുമാര്‍ വര്‍മ്മയുടെ സ്ഥാനം തെറിക്കാന്‍ കാരണം.അസ്താനയെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അരുണ്‍ ഷൂരിയും യശ്വന്ത് സിന്‍ഹയും ചേര്‍ന്ന് റഫാല്‍ ഇടപാടില്‍ നല്കിയ പരാതി അലോക് വര്‍മ സ്വീകരിച്ചതും അദ്ദേഹത്തിനോടുള്ള വിരോധത്തിനു കാരണമായെന്നും പ്രശാന്ത് ഭൂഷണ് പറയുന്നു.
അതേസമയം നടപടിയെ ന്യായീകരിച്ചുകൊണ്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്തെത്തി.ഉന്നതോദ്യോഗസ്ഥരായ രണ്ടുപേരും ആരോപണ വിധേയരാണ്.അതുകൊണ്ടു തന്നെ സിബിഐയുടെ വിശ്വാസ്യത നിലനിര്‍ത്താനാണ് നടപടിയെന്നും ജെയ്റ്റ്ലി പറഞ്ഞു.