വയനാട്:സന്യാസ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട് സിസ്റ്റര്‍ ലൂസി ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് അധികൃതര്‍.മകളെ മഠത്തില്‍ നിന്നും കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‌സിസി) സിസ്റ്റര്‍ ലൂസിയുടെ സമ്മയ്ക്കു കത്തയച്ചു.ഇനി മഠത്തില്‍ സിസ്റ്റര്‍ക്ക് യാതൊരവകാശവുമില്ലെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ സന്യാസി സഭയില്‍ നിന്നും പുറത്താക്കിയത്. ലൈംഗിക പീഡന കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനെത്തുടര്‍ന്നാണ് സിസ്റ്റര്‍ ലൂസിക്കെതിരെ സഭ പ്രതികാരനടപടികള്‍ തുടങ്ങിയത്.
ദാരിദ്ര്യ വ്രതം ലംഘിച്ച് സഭയുടെ അനുവാദമില്ലാതെ കാര്‍ വാങ്ങി, പുസ്തകം പ്രസിദ്ധീകരിച്ചു,വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, സഭയ്‌ക്കെതിരായി നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളാണ് സഭ സിസ്റ്റര്‍ക്കു നേരെ ഉന്നയിച്ചത്. പല തവണ വിശദീകരണം ചോദിച്ച് സിസ്റ്റര്‍ക്ക് നോട്ടീസ് അയച്ചെങ്കിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നിലപാടിലായിരുന്നു സിസ്റ്റര്‍ ലൂസി. ഇതേത്തുടര്‍ന്നാണ് സഭ പുറത്താക്കല്‍ നടപടികളിലേക്കു പോയത്.