ധര്‍മ്മം ചെയ്യാന്‍ വേണ്ടിയല്ലെങ്കില്‍ ധനം നമുക്ക് ദോഷമേ ചെയ്യുകയുള്ളൂ. ധര്‍മ്മമാര്‍ഗ്ഗത്തില്‍ കൂടി ധനം സമ്പാദിച്ച് ധര്‍മ്മകാര്യങ്ങള്‍ക്കായി അത് വിനിയോഗിക്കണം. അപ്പോഴാണ് ഒരാള്‍ക്ക് ശാന്തി അനുഭവപ്പെടുന്നത്. തെറ്റായ മാര്‍ഗ്ഗത്തിലൂടെ മെയ്യനങ്ങാതെ സുഖഭോഗങ്ങള്‍ക്കായി നേടുന്ന ധനം രോഗദുരിതങ്ങള്‍ സമ്മാനിക്കുന്നു.
അല്പം സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളൊരാള് പറയും-”ചെറിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നേയുള്ളൂ മനഃശാന്തിയുണ്ട്!” നല്ല സമ്പന്നനായൊരാള് പറയും- ”ആവശ്യത്തിലധികം ധനമുണ്ട്, പക്ഷേ മനസ്സമാധാനമില്ല!”
ആവശ്യത്തിനുള്ളതു മാത്രം എടുത്തിട്ട് ബാക്കിയുള്ളത് ധര്‍മ്മത്തിന്റെ പേരില്‍ ത്യജിക്കണം. അമിതഭോഗം രണ്ടു രീതിയില്‍ ഒരാള്‍ക്ക് ദോഷം ചെയ്യും- രോഗം ഉണ്ടാക്കുന്നു, അപരന്റെ ധനം അപഹരിക്കുവാന്‍ കാരണമാകുന്നു.
ഒരാള്‍ക്ക് ഭൗതികമായി ആവശ്യമുള്ള സാഹചര്യങ്ങളായ വരുമാനമാര്‍ഗ്ഗവും വീടും ആഹാരവും കുടുംബവും ആയിക്കഴിഞ്ഞാല്‍ പിന്നെന്താണ് വേണ്ടത്? അവയുടെ അമിതമായ ഉപയോഗത്തിനായി വീണ്ടും വീണ്ടും സുഖഭോഗങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഷ്ടപ്പെടുന്നിടത്താണ് നമ്മുടെ ശാന്തി നശിക്കുന്നത്. ഭൗതിക സാഹചര്യം ഒരുങ്ങിയാല്‍ അടുത്തുവേണ്ടത് ആന്തരിക ശാന്തി കണ്ടെത്തുകയാണ്. അതിനുള്ള വഴി ഭോഗത്തിന്റെതല്ല ത്യാഗത്തിന്റെതാണ്. ഭൗതിക സാഹചര്യം ഒരുക്കുന്നതുകൊണ്ട് ശാന്തിയുണ്ടാകുമായിരുന്നെങ്കില് ലോകത്തില്‍ ഭൗതിക ശാസ്ത്രങ്ങള്‍ മാത്രമേ വളരുമായിരുന്നുള്ളൂ, ആദ്ധ്യാത്മിക ദര്‍ശനം ഉണ്ടാകുമായിരുന്നില്ല. യുക്തികൊണ്ടും സ്വാനുഭവംകൊണ്ടും ചിന്തിച്ചു നോക്കിയാല്‍ ഏതൊരാള്‍ക്കും ഇത് മനസ്സിലാകും- സുഖഭോഗങ്ങളിലുള്ള താല്പര്യം വെടിയുക എന്നത് പ്രയാസമുള്ള കാര്യമാണ്! അഥവാ അങ്ങനെ ഒരു ത്യാഗം ആര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടെങ്കില്‍ അതിന് ഒരര്ത്ഥമേയുള്ള, അവര്‍ ഭൗതിക സുഖഭോഗങ്ങളില്‍ നിന്നും ദുഃഖം അല്ലാതെ ശാന്തി ലഭിക്കില്ലെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്, വൈരാഗ്യവും വിരക്തിയും അങ്ങനെ അവരില്‍ സഹജമായി തീര്‍ന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ആണ് ശാന്തിദായകമായ ആദ്ധ്യാത്മികദര്‍ശനം രൂപംകൊള്ളുന്നത്. ഏതൊരാളും ഇന്നല്ലെങ്കില്‍ നാളെ അവനവനിലെ ശാന്തിതേടി അന്തര്ലോകത്തിലേയ്ക്ക് എത്തുകതന്നെ ചെയ്യും. അതുവരെയുള്ള നമ്മുടെ വ്യാഖ്യാനങ്ങളെല്ലാം നമ്മുടെ ഭൗതികമായ ഇഷ്ടവിഷയങ്ങളിലേയ്ക്ക് വളച്ചൊടിക്കപ്പെടുന്നു! വിരക്തനായ ആചാര്യന്റെ വാക്കുകള്‍ അങ്ങനെ ആകില്ല, അവ പരിശുദ്ധമായിരിക്കും. ലൗകികക്കറ പുരളാത്ത ആ പരിശുദ്ധിയില്‍ നിന്നാണ് ശാന്തി അനുഭവപ്പെടുന്നത്! ഭക്തിയും ജ്ഞാനവും നല്കുന്ന ശാന്തി അഭൗമമാണല്ലോ?
ഓം