ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസറ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ പീഡന പരാതി നല്കിയ മുന്‍ കോടതി ജീവനക്കാരി അന്വേഷണ സമിതിക്കുമുന്നില്‍ ഹാജരാകുന്നതില്‍ നിന്നും പിന്മാറി.മൂന്നു സിറ്റിംഗ് കഴിഞ്ഞ ശേഷമാണ് പരാതിക്കാരിയുടെ പിന്മാറ്റം.മൂന്നംഗ സുപ്രീം കോടതി ജഡ്ജിമാരുടെ സമിതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് പിന്മാറുന്നതെന്നാണ് ഇവര്‍ പറഞ്ഞത്.
സമിതിയുടെ മൂന്ന് സിറ്റിങ്ങുകളിലും ഒറ്റയ്ക്ക് ഹാജരായെന്നും ഇത് തന്നെ ഭയപ്പെടുത്തിയെന്നുമാണ് ഇവര്‍ പറയുന്നത്. സ്വന്തം അഭിഭാഷകനെ കൂടെ വരാന്‍ സമിതി അനുവദിച്ചില്ലെന്നും സമിതിയുടെ സിറ്റിങുകളുടെ ഓഡിയോ, വീഡിയോ ചിത്രീകരണവും നടന്നിട്ടില്ലെന്നും രണ്ടു സിറ്റിംഗുകളിലേയും മൊഴികളുടെ പകര്‍പ്പ് തനിക്കു തരാന്‍ സമിതി വിസമ്മതിച്ചെന്നും പരാതിക്കാരി പത്രക്കുറിപ്പില്‍ പറഞ്ഞു.