ന്യൂഡല്‍ഹി:സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരായി മുന്‍കോടതി ജീവനക്കാരി നല്കിയ ലൈംഗിക പീഡന പരാതി തള്ളി.ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മൂന്നംഗ അന്വേഷണസമിതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരാതി തള്ളിയത്. അന്വേഷണറിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്ന് സമിതി വ്യക്തമാക്കി.ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിച്ചത് .
അന്വേഷണസമിതിയില്‍ വിശ്വാസമില്ലാത്തതിനാല്‍ സമിതിക്കു മുന്‍പാകെ ഹാജരാകുന്നതില്‍നിന്നും പരാതിക്കാരി പിന്‍വാങ്ങുകയാണെന്ന് നേരത്തേ അറിയിച്ചിരുന്നു. അഭിഭാഷകനെപ്പോലും കൂടെക്കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നും ഒറ്റയ്ക്ക് അന്വേഷണസമിതിയുടെ മുന്നില്‍ ഹാജരാകുന്നത് ഭീതിയും മാനസിക സംഘര്ഷവുമുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് യുവതിക്ക് സിറ്റിംഗിനു ഹാജരാകാതെ പിന്മാറിയത്.
കഴിഞ്ഞ മാസം 19 നാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് യുവതി പരാതി നല്‍കിയത്.എന്നാല്‍ ആരോപണം വാസ്തവവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.