ദില്ലി:അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അന്ത്യാഞ്ജലിയര്‍പ്പിച്ച് രാജ്യം.ഭൗതിക ശരീരം ദില്ലിയിലെ വസതിയില്‍ 11 മണി വരെ പൊതുദര്‍ശനത്തിനു വെക്കും.12 മുതല്‍ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദര്‍ശനത്തിനു വയ്ക്കും.പ്രിയ നേതാവിനെക്കാണാന്‍ ആയിരങ്ങളാണ് വസതിയിലെത്തുന്നത്.വൈകിട്ട് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്റെ അന്ത്യം. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, എസ് ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍ഷ വര്‍ധന്‍, പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
ഒന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന് സുഷമാ സ്വരാജ് ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇത്തവണ മല്‍സരരംഗത്തുനിന്നും വിട്ടുനിന്നത്.വൃക്കരോഗത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ സുഷമ പിന്നീട് സജീവരാഷട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും മന്ത്രിയെന്ന നിലയില്‍ ജനപ്രീതി നേടി.ബിജെപിയുടെ മാനുഷിക മുഖമായാണ് സുഷമാ സ്വരാജ് അറിയപ്പെടുന്നത്.