തിരുവനന്തപുരം: എ.കെ ശശീന്ദ്രന് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിയേറ്റ് പരിസരത്ത് എത്തിയ മാധ്യമങ്ങളെ വിലക്കിയതിനെതിരെ സിപിഐ നേതാക്കളായ കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനും രംഗത്തെത്തി. ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണമെന്ന് കാനം അഭിപ്രായപ്പെട്ടപ്പോള്‍ സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങളെ കടത്തി വിടാതിരുന്നത് വലിയ തെറ്റാണെന്നും വിമര്‍ശനങ്ങളില്‍ ചൂളുന്നത് എന്തിനാണെന്നും പന്ന്യന്‍ ചോദിച്ചു.
വാര്‍ത്തനല്‍കുന്നതില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവന്ന രാജസ്ഥാന് സര്‍ക്കാരിന്റെ നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു കാനത്തിന്റെ വിമര്‍ശനം. മാധ്യമങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരം. മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാനാകില്ലെന്നും കാനം പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ടെങ്കില്‍ പുനപരിശോധിക്കണമെന്നും പന്ന്യന്‍ വ്യക്തമാക്കി. ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടക്കത്തില്‍ ഏറെ നിര്‍ണ്ണായകമായ ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ട് ഇന്നാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ വിലക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് അറിയിപ്പുണ്ടായത്.