ന്യൂഡല്‍ഹി:മമ്മൂട്ടിയുടെ തെലുങ്കു ചിത്രം യാത്രയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്.മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി പകര്‍ന്നാടിയ ‘യാത്ര’യില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.സോണിയ ഗാന്ധിയെ ലക്ഷ്യം വെച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നും ഇതിന് പിന്നില്‍ ഹിഡന്‍ അജന്‍ഡ ഉണ്ടെന്നുമാണ് ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് വക്താവ് ജന്‍ഗ ഗൗതം ആരോപിച്ചത്.ഇത് ഒരു ബയോപിക് അല്ല ബയോ ട്രിക്കാണെന്ന് പറഞ്ഞ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡി വൈഎസ്ആറിനെ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായി ചിത്രീകരിക്കാന്‍ അണിയറക്കാര്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.
ആന്ധ്രാ പ്രദേശിലെ ജനകീയ നേതാവായിരുന്ന വൈ എസ് രാജശേഖരറെഡ്ഡി രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്.വൈഎസ് ആറിന്റെ മരണശേഷം കോണ്‍ഗ്രസ് ഹൈക്കമാന്റുമായി അകന്ന മകന്‍ ജഗ്‌മോഹന്‍ റെഡ്ഡി വൈഎസ് ആര്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.
വൈഎസ് ആറിന്റെ ജീവിതം പറയുന്ന ബയോപിക് ആയ ‘യാത്ര’ മഹി വി രാഘവ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത്. മമ്മൂട്ടിയുടെ ആദ്യകാല നായികയായ സുഹാസിനിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.