തിരുവനന്തപുരം: സോളാര്‍ കമ്മീഷന്റ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കിയുള്ള നടപടി സേനയുടെ മനോവീര്യം കെടുത്തുമെന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ഡിവൈ.എസ്.പിമാരുള്‍പ്പെട്ട കേസന്വേഷണ സംഘം ഡി.ജി.പിക്കും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കത്തയയ്ക്കും.

മുന്‍പ് കേസന്വേഷണത്തലവനായിരുന്ന എ. ഹേമചന്ദ്രനും ഇക്കാര്യം കാണിച്ച് സര്‍ക്കാരിനും ഡിജിപി ലോക്‌നാഥ് ബഹ്‌റക്കും നേരത്തേ കത്തു നല്‍കിയിരുന്നു. കേസന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും മറ്റുള്ളവര്‍ക്ക് പങ്കില്ലെന്നും കാണിച്ചായിരുന്നു കത്ത്.

റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രനെ കെ.എസ്.ആര്‍.ടി.സി എം.ഡിയായി നിയമിച്ച് തരംതാഴ്ത്തിയിരുന്നു.

സര്‍ക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സന്ദര്‍ഭമായി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഉപയോഗിക്കുകയാണെന്ന് ആരോപണമുണ്ട്. അന്വേഷണ സംഘാംഗങ്ങളുടെ പക്ഷം കേള്‍ക്കാതെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്തത്.