തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ അതൃപ്തി പ്രകടിപ്പിച്ച് ഡി.ജി.പി ഹേമചന്ദ്രന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സോളാര്‍ കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ഹേമചന്ദ്രന് കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കമ്മീഷന് നടത്തിയ സിറ്റിങില്‍ സത്യവാങ്മൂലം നല്‍കിയതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടിന് ആധാരമെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളാണ് കമ്മീഷന് ചോദിച്ചത്. അതിലൂടെ പ്രസക്തമായ വസ്തുതകള്‍ മറച്ചുവയ്ക്കാനും പൊലീസ് നടപടികളില്‍ കുറ്റം കണ്ടെത്താനുമാണ് കമ്മീഷന് ശ്രമിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ കഴിഞ്ഞ ജനുവരി എട്ടിനാണ് അദ്ദേഹം കമ്മീഷനില്‍ സത്യവാങ്മൂലം നല്‍കിയത്.
ഹേമചന്ദ്രന് സമര്‍പ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് സംഘത്തിന്റെ ആക്ഷേപം. ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായി ഹേമചന്ദ്രന് എത്തിയത്. സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രനെ കെ.എസ്.ആര്.ടി.സി എം.ഡിയായി നിയമിച്ച് തരംതാഴ്ത്തിയിരുന്നു. സസ്പെന്ഷന് അടക്കമുള്ള നടപടികളിലേക്ക് പോവാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് കൂടിക്കാഴ്ച.
എല്ലാ നിയമവശങ്ങളും അറിയാവുന്ന കമ്മീഷന് മുന്‍വിധിയോടെ തങ്ങളെ പ്രതിക്കൂട്ടില്‍ നിറുത്താന്‍ ശ്രമിച്ചിരിക്കുകയാണെന്ന് അന്വേഷണ സംഘാംഗങ്ങള്‍ക്ക് ആക്ഷേപമുണ്ട്. സരിത ഉന്നയിച്ച ആരോപണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ കമ്മിഷന് വസ്തുതാപരമായ കണ്ടെത്തലുകള്‍ക്ക് പകരം കത്തുകള്‍ തെളിവായി ഉള്‍പ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്നും അന്വേഷണ സംഘാംഗങ്ങള്‍ ആരോപിക്കുന്നു.