റിയാദ്: സൗദി അറേബ്യയില്‍ ഇതുവരെ പുരുഷന്മാര്ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ ഇനി സ്ത്രീകള്‍ക്കും പ്രവേശിക്കാം. സൗദി ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയാണ് ഇക്കാര്യം ഔദ്യോഗികമായി ഉത്തരവിട്ടത്.
2018 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ആദ്യ ഘട്ടത്തില്‍ തലസ്ഥാനമായ റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ സ്റ്റേഡിയത്തിലാകും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുക.
റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട് സിറ്റി, ദമാമ്മിലെ മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ കുടുംബങ്ങളെ പ്രവേശിപ്പിക്കാനുള്ള പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സ്പോര്‍ട്സ് അതോറിറ്റിയുടെ പ്രഖ്യാപനത്തില്‍ പറയുന്നു. സൗദി പ്രൊഫഷണല്‍ ലീഗില്‍ ആറു ടീമുകളുടെ ഹോം ഗ്രൗണ്ടുകളാണ് ഈ സ്റ്റേഡിയങ്ങള്‍.
മുന്‍പ് സൗദി ചരിത്രത്തെ കുറിച്ച് നടന്ന സംഗീത പരിപാടി കാണാന്‍ ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഫുട്ബോള്‍ ഗാലറിയുടെ പതിനഞ്ചു ശതമാനം സ്ഥലം ഫാമിലി സ്റ്റാന്‍ഡ് ആക്കി മാറ്റി സ്ത്രീകള്‍ക്ക് സൗകര്യമുള്ളതാക്കി മാറ്റാനാണ് സ്പോര്‍ട്സ് അതോറിറ്റിയുടെ ശ്രമം.