എറണാകുളം : ഇപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ തോൽവി നേരിട്ടത് എൽഡിഎഫാണെങ്കിലും, വ്യാഴാഴ്ച ഫലം പുറത്തുവന്നതുമുതൽ കഷ്ടകാലം ബാധിച്ചത് മേയർ സൗമിനി ജെയിനിന്.
യുഡിഎഫ് സ്ഥാനാർത്ഥി ടിജെ വിനോദിന്റെ വിജയം തിളക്കമില്ലാത്തതായി പോയത് കോൺഗ്രസ്സിൽ ചർച്ചയായി. കോൺഗ്രസ് കോട്ടയാണെന്ന് കരുതപ്പെടുന്ന എറണാകുളത്ത് വളരെ മോശം ഭൂരിപക്ഷമുണ്ടായത് ജില്ലയിലെ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ജില്ലാ പാർട്ടി മേധാവി കൂടിയായ ടി ജെ വിനോദിനെയല്ല, കൊച്ചി മേയർ സൗമിനി ജെയ്‌നിനെയാണ് ഐ വിഭാഗം നോട്ടമിട്ടത്. പാർട്ടിയിലെ ഒരു വിഭാഗം മേയർ സ്ഥാനത്തുനിന്ന് സൗമിനിയെ പുറത്താക്കണം എന്ന ആവശ്യമുയർത്തിക്കഴിഞ്ഞു.
സൗമിനി ജെയിനെ മേയർ സ്ഥാനത്തു നിന്ന് നീക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇതിനകം തന്നെ പാർട്ടിയിൽ ഉണ്ടായിരുന്നു .ഹൈക്കോടതി പരാമർശത്തോടെ നീക്കങ്ങൾ വീണ്ടും സജീവമായി. എറണാകുളം എം പി ഹൈബി ഈഡൻ സൗമിനി ജെയിനിനെതിരെ പരസ്യമായി രംഗത്തുവന്നു. സൗമിനി ജെയിനിനെ മേയർ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു. ഐ ഗ്രൂപ്പിന്റെ ആവശ്യമായി അതുമാറി. എന്നാൽ മേയറെ മാത്രം ബലിയാടാക്കാനാകില്ല എന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നഗരസഭയുടെ മോശം പ്രവർത്തനത്തിന് കൂട്ടുത്തരവാദിത്തമാണെന്ന് മറക്കരുതെന്നും മുല്ലപ്പള്ളി ഓർമിപ്പിച്ചു. എന്നാൽ സൗമിനി ജെയിനിനെ മേയർ സ്ഥാനത്തു നിന്നും മാറ്റുന്ന വിഷയം ചർച്ച ചെയ്യണമെന്ന് മുൻ എം പി കെ വി തോമസ് അഭിപ്രായപ്പെട്ടത് വിഷയം അവസാനിച്ചിട്ടില്ല എന്ന സൂചന നൽകുന്നു. മുൻ ജി സി ഡി എ ചെയർമാൻ എൻ വേണുഗോപാലും സൗമിനി ജെയിൻ സ്ഥാനമൊഴിയണം എന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.