സർക്കാരിനെ വിമർശിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ഇത്തരം വിമർശനങ്ങൾ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത ശനിയാഴ്ച പറഞ്ഞു. അഹമ്മദാബാദിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച അഭിഭാഷകരുടെ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും സുപ്രീംകോടതി ജഡ്ജിയെന്ന നിലയിൽ തന്റെ ഔദ്യോഗിക ശേഷിയിലല്ലെന്നും ഗുപ്ത പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞു. “രാജ്യദ്രോഹവും അഭിപ്രായ സ്വാതന്ത്ര്യവും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എക്സിക്യൂട്ടീവ്, ജുഡീഷ്യറി, ബ്യൂറോക്രസി, സായുധ സേന എന്നിവയെ വിമർശിക്കുന്നതിനെ രാജ്യദ്രോഹമെന്ന് വിശേഷിപ്പിക്കാനാവില്ല,” ഗുപ്ത പറഞ്ഞു. “ഈ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ തടയുകയാണെങ്കിൽ, നമ്മൾ ജനാധിപത്യത്തിന് പകരം ഒരു പോലീസ് രാഷ്ട്രമായി മാറും.”