നെടുങ്കണ്ടം: സർക്കാരുകളുടെ ജനക്ഷേമ പദ്ധതികൾ സാധാരണ ജനങ്ങളിൽ എത്തിക്കുന്നതിന് സന്നദ്ധ സംഘടനകൾ ചാലകശക്തിയാകണമെന്നും പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് സമൂഹം ഒറ്റക്കെട്ടായ നിലപാട് സ്വീകരിക്കണമെന്നും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള പ്രസ്താവിച്ചു.
വർഷങ്ങളായി തകർന്ന് യാത്ര യോഗ്യമല്ലാതായി കിടക്കുന്ന ഇടുക്കി ജില്ലയിലെ ബാലഗ്രാം – അന്യാർതൊളു റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവലിയുടെ നേതൃത്വത്തിൽ ചാച്ചാജി ആർട്ട്സ് ആൻറ് സ്പോട്ട്സ് ക്ലബിന്റെ സഹകരണത്തോടെ അന്യാർതൊളു ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഞ്ചാരയോഗ്യമായ റോഡ് ഓരോ പൗരന്റെയും അവകാശമാണ്. അത് നേടിയെടുക്കുന്നതിന് അക്രമ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പാടില്ല. അഭിപ്രായ സമന്വയത്തിലൂടെ ഐക്യതയോട് ഉള്ള ശ്രമങ്ങൾ മൂലം സന്നദ്ധ സംഘടനകൾക്ക് നാടിന്റെ പ്രകാശഗോപുരമാകുവാൻ സാധിക്കുമെന്നും ഡോ.ജോൺസൺ വി. ഇടിക്കുള കൂട്ടി ചേർത്തു. ക്ലബ് പ്രസിഡന്റ് ബാബു പുതുക്കുളം അധ്യക്ഷത വഹിച്ചു.റോഡ് സംരംക്ഷണ സമിതി പൗരസമിതി ചെയർമാനും മനുഷ്യാവകാശ സാമൂഹിക പ്രവർത്തകനുമായ മഹാത്മാ സെന്റർ ഡയറക്ടർ ജെ.ഉദയകുമാർ വലിയമഠം മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ദീപു കുരുവിക്കാട്ട് ,റോയി ആൻറണി ,ബിജു കെ. ഡി ,നോബി കൊച്ചുകാലയിൽ എന്നിവർ പ്രസംഗിച്ചു.
പൊട്ടിപൊളിഞ്ഞ ഈ റോഡിലെ ഒരു കുഴിയിലും ചാടിക്കാതെ എത്തുന്ന ബൈക്ക് ഉടമക്ക് 3001/- രൂപയും രണ്ട് ലീറ്റർ വാഹന ഇന്ധനവും സമ്മാനമായി പ്രഖ്യാപിച്ച ബൈക്ക് റാലിയിൽ ഏകദേശം 50-ലധികം ബൈക്ക് യാത്രക്കാർ എത്തിയെങ്കിലും സമ്മാനത്തിന് ആരും അർഹരായില്ല.