തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.വിവിധ ജില്ലകളില്‍ ഹര്‍ത്താലനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലെറിഞ്ഞു.തിരുവനന്തപുരത്ത് കല്ലമ്പലത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി.കോഴിക്കോട്ട് കുണ്ടായിത്തോട്,മുക്കം,കുന്നമംഗലം എന്നിവിടങ്ങളില്‍ സ്കാനിയ ബസുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.ബൈക്കിലെത്തിയവരാണ് പുലര്‍ച്ചെ കുന്നമംഗലത്ത് കല്ലേറ് നടത്തിയത്.
പോലീസ് സംരക്ഷണയില്ലാതെ സര്‍വ്വീസ് നടത്താനാവില്ലെന്ന് ജിവനക്കാര്‍ അറിയിച്ചു.തുടര്‍ന്ന് മിക്കയിടത്തും സര്‍വ്വീസുകള്‍ അവസാനിപ്പിക്കേണ്ടിവന്നു.ഹര്‍ത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
നിലയ്ക്കല്‍,പമ്പ മേഖലകളില്‍ പൊലീസ് പട്രോളിങ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. വടശ്ശേരിക്കര നിലയ്ക്കല്‍,എരുമേലി നിലയ്ക്കല്‍ റൂട്ടുകളില്‍ ഗതാഗത തടസ്സവും വാഹനപരിശോധനയും നടത്തുന്നത് തടയാന്‍ വനിതാ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെ നിയോഗിക്കും.എല്ലാ നിയമലംഘനവും തടയാന്‍ നടപടി സ്വീകരിക്കുമെന്നും ബെഹ്റ അറിയിച്ചു.