കോവളം:ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു.കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് കോളേജിലെ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സ്വര്‍ണേന്ദു മുഖര്‍ജിയാണ് (18) മരിച്ചത്.പശ്ചിമ ബംഗാള്‍ സ്വദേശിയായ സ്വര്‍ണേന്ദുവിനെ വാടകവീട്ടിലെ മുറിയില്‍ ഇന്നലെ ഉച്ചയോടെയാണ് കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തെപ്പറ്റിയുള്ള പൊലീസ് ഭാഷ്യം ഇങ്ങനെ…
കോളേജിന് സമീപത്തെ ഒരു വീടിന്റെ രണ്ടാം നിലയില്‍ മറ്റൊരു സുഹൃത്തിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു സ്വര്‍ണേന്ദു.ഇന്നലെ രാവിലെ കോളേജില്‍ എത്തിയ സ്വര്‍ണേന്ദു ഹാജര്‍ തികയാത്തതിനാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്നറിഞ്ഞ് മുറിയിലേക്ക് പോയി.ഏറെ നേരം കാണാതെ വന്നതോടെ തിരക്കിയെത്തിയ സഹപാഠിയാണ് ഫാനിന്റെ ഹൂക്കില്‍ പ്ലാസ്റ്റിക് ചരടില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ സ്വര്‍ണ്ണേന്ദുവിനെ കണ്ടെത്തിയത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
അതേസമയം കോളേജ് അധികൃതരുടെ കടുംപിടിത്തമാണ് സ്വര്‍ണ്ണേന്ദുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം കോളേജ് ഉപരോധിച്ചു.74 ശതമാനം ഹാജര്‍ സ്വര്‍ണേന്ദുവിന് ഉണ്ടായിരുന്നെന്നും, പ്രിന്‍സിപ്പലിന്റെ കടുംപിടുത്തമാണ് ആത്മഹത്യക്ക് കാരണമെന്നും വിദ്യാത്ഥികള്‍ ആരോപിച്ചു.
ഒരു കാരണവുമില്ലാതെ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ മാനസികമായി നിരന്തരം പീഡിപ്പിക്കുകയും ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ചെയ്യുന്നത് പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.തുടര്‍ന്ന് കോവളം പൊലീസ് കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തി.ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ചന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കും എന്നുറപ്പു നല്കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞത്.