ന്യൂഡല്‍ഹി: ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കുന്നതിനെതിരെ അച്ഛന്‍ അശോകന്‍ രംഗത്ത്. അശോകന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ഈ മാസം 27 ന് ഹാദിയയുടെ നിലപാട് കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്ന സാഹചര്യ അശോകന്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ഹാദിയയുടെ നിലപാട് തുറന്ന കോടതിയില്‍ കേള്‍ക്കരുത്, സൈനബയും സത്യസരണി ഭാരവാഹികളും കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കണം, ഹാദിയയുടെ മതംമാറ്റം, വിവാഹം എന്നിവയെ കുറിച്ച് ഇവരോട് ചോദിക്കണം എന്നീ ആവശ്യങ്ങളാണ് അശോകന്‍ അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്.
അതേസമയം, കേസിലെ എന്‍ഐഎ അന്വേഷണം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. എന്‍ഐഎ അന്വേഷണം വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന കോടതിയുത്തരവ് പാലിക്കപ്പെടുന്നില്ലെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹാദിയയെ കോടതിയില്‍ വിളിച്ചുവരുത്തി നിലപാട് അറിയുമെന്ന് ഒക്ടോബര്‍ 30 നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അന്നേദിവസം വൈകിട്ട് മൂന്ന് മണിക്ക് മുന്‍പായി കോടതിയില്‍ ഹാജരാക്കണമെന്നാണ് ഹാദിയയുടെ അച്ഛനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹാദിയയുടെ പിതാവ് അശോകന്റെയും എന്‍ഐഎയുടെയും ശക്തമായ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു ഹാദിയയുടെ ഭാഗം നേരിട്ട് കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനം.