നാലരവർഷത്തെ അധ്വാനം വെറുതെയായില്ല. ഒരുപാടുതവണ റിലീസ് തിയതി മാറ്റിവച്ചതും സിനിമയുടെ വിജയത്തെ ബാധിച്ചില്ല. ഷങ്കർ അണിയിച്ചൊരുക്കിയ ദൃശ്യ വിസ്മയം പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. രജനികാന്തിനെ നായകനാക്കി 2010ൽ ഷങ്കർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാംഭാഗമാണ് ഇപ്പോൾ പ്രദർശനത്തിനെത്തിയിരിക്കുന്ന ‘2.0’.അഞ്ഞൂറു കോടിയോളം രൂപ മുടക്കി നിർമ്മിച്ച ‘2.0’ മുന്നൂറ്റി എഴുപത് കോടി രൂപ സാറ്റ്ലൈറ്റ് ,ഡിജിറ്റൽ അവകാശങ്ങൾ വിറ്റതിലൂടെ റിലീസിന് മുന്പേ തിരിച്ചുപിടിച്ചു. റിലീസ് ഡേറ്റിനു മുൻപേ നൂറ്റി ഇരുപത് കോടി രൂപയുടെ അഡ്വാൻസ് ബുക്കിങ്ങ്  നേടാനും ഈ രജനി ചിത്രത്തിനായി. ‘2.0’ഹിന്ദി പതിപ്പ് മാത്രം നാലുദിനം കൊണ്ട് നൂറ്റിപ്പതിനൊന്ന് കോടി രൂപ നേടി. രജനിയെക്കൂടാതെ അക്ഷയ് കുമാറിന്റെ സാന്നിധ്യവും ഹിന്ദി മേഖലയിൽ ചിത്രത്തിന് കരുത്താകുന്നു. കരൺ ജോഹാറിനാണ് ചിത്രത്തിന്റെ ഹിന്ദിപതിപ്പിന്റെ വിതരണാവകാശം.
മികച്ച പ്രേക്ഷക പ്രതികരണം തുടർന്നും കലക്ഷൻ റക്കോർഡുകൾ ഭേദിക്കാൻ ‘2.0’ന് കരുത്താകും.400 കോടിയിലേറെ കലക്ഷൻ അഞ്ചുദിനം കൊണ്ട് നേടാനായി എന്നാണ് ലഭ്യമായ കണക്ക്.

യന്തിരനിലെ കഥാപാത്രങ്ങളുടെ തുടർച്ച തന്നെയാണ് ‘2.0’യിലും. വസീഗരൻ എന്ന ശാസ്ത്രജ്ഞൻ, ചിട്ടി,2.0 എന്ന മൂന്ന് വേഷങ്ങളിലും രജനി.പക്ഷിരാജാ എന്ന കഥാപാത്രമായി അക്ഷയ് കുമാർ. നിലാ എന്ന റോബോട്ടായി അമി ജാക്സൺ എന്നിവരാണ് പ്രധാനവേഷത്തിൽ.കണ്ണഞ്ചിപ്പിക്കുന്ന ഗ്രാഫിക്ക് വിസ്മയം ത്രിമാനത്തിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് വേറിട്ട അനുഭവം തന്നെയാണ്.എ ആർ റഹ്മാനാണ് സംഗീത സംവിധാനം.

“3.0” എന്ന മൈക്രൊ റോബോട്ടിനെയും(രജനി) അവസാനം അവതരിപ്പിച്ച് ചിത്രത്തിന്റെ അടുത്ത ഭാഗത്തെ പ്രതീക്ഷിക്കാം എന്ന തരത്തിലാണ് സിനിമ അവസാനിക്കുന്നത്.