ബന്ധു നിയമന വിവാദത്തിൽപ്പെട്ട് കുഴഞ്ഞ മന്ത്രി ജലീലിനെ കൂടുതൽ പ്രതിരോധത്തിലാക്കി പുതിയ രേഖകൾ പുറത്തുവന്നു. അഭിമുഖത്തിനെത്തിയവരിൽ ആർക്കും യോഗ്യതയില്ലാത്തതിനാൽ പുറത്ത് നിന്നും ആളെ ഡെപ്യൂട്ടേഷനിൽ നിയമിച്ചു എന്നതാണ് മന്ത്രിയുടെ വാദം. എന്നാൽ അഭിമുഖത്തിൽ പങ്കെടുത്ത മൂന്നുപേർക്കും മന്ത്രി ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെക്കാളും യോഗ്യതയുണ്ട് എന്ന രേഖയാണ് യൂത്ത് ലീഗ് പുറത്തുവിട്ടത്. സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരനായിരുന്ന അദീബിനെ ഡെപ്യൂട്ടേഷനിൽ നിയമിച്ചതിൽ അപാകതയില്ല എന്ന വാദവും നിലനിൽക്കുന്നതല്ല. ജോലിക്ക് അപേക്ഷ നൽകാത്ത,അഭിമുഖത്തിൽ പങ്കെടുക്കാത്ത മന്ത്രിബന്ധു കെ ടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിക്കുകയായിരിന്നു.