കോഴിക്കോട്:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം ഉള്‍പ്പെടെ അഞ്ച് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.നദികളില്‍ ജലനിരപ്പുയരുകയാണ്.ആലപ്പുഴയിലും കോഴിക്കോട്ടും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.കോഴിക്കോട് ജില്ലയില്‍ ജൂലൈ 25 വരെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. 22 ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. 21, 23 തീയതികളില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരസഭയിലെ എല്ലാ ഓടകളും കോര്പ്പറേഷന് പരിശോധിച്ച് ഉടന്‍ തടസ്സങ്ങള്‍ നീക്കി വൃത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു.കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തുടനീളം തീരദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായിരിക്കെ ബീച്ചുകളിലും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ട്. തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ 7 ദിവസത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.
കനത്ത മഴയില്‍ കാസര്‍കോട് കുമ്പളയില്‍ പാലം തകര്‍ന്നു
കാസര്‍ഗോഡ് കുമ്പളയില്‍ പാലം തകര്‍ന്നു. ബംബ്രാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. പത്തനംതിട്ടയില്‍ കനത്ത് മഴയില്‍ ജലനിരപ്പുയര്‍ന്ന മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുണ്ട്.
പമ്പയുടേയും കക്കാട്ടാറിന്റേയും തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.കോട്ടയം മുണ്ടക്കയം വെള്ളനാടി കൊടുകപ്പലം ക്ഷേത്രത്തിലെ ആല്‍മരം മറിഞ്ഞ് വീണ് വയോധികയ്ക്ക് പരിക്കേറ്റു. വീട് പൂര്‍ണമായും തകര്‍ന്നു. പാറയ്ക്കല്‍ സുകുമാരന്റെ ഭാര്യ സരോജിനിക്കാണ് (75) പരിക്കേറ്റത്.ഇടുക്കി കൊന്നത്തടിയില്‍ ഉരുള്‍പൊട്ടി വ്യാപകമായി കൃഷിനാശമുണ്ടായി.ആളപായമില്ല.