കോട്ടയം:സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി.കേസിലെ നാലാം സാക്ഷി സഞ്ജു പി മാത്യുവാണ് ഇന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയ്ക്കിടെ കൂറുമാറിയത്.അഭയ മരിച്ച രാത്രിയില്‍ പ്രതികളുടെ വാഹനം മഠത്തിന് പുറത്ത് കണ്ടിരുന്നുവെന്ന് സഞ്ജു നേരത്തേ നല്‍കിയ രഹസ്യ മൊഴിയാണ് മാറ്റിയത്.ഇതോടെ സഞ്ജു കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്താണ് സഞ്ജു താമസിച്ചിരുന്നത്.
കേസിലെ അമ്പതാം സാക്ഷിയായ സിസ്റ്റര്‍ അനുപമ ഇന്നലെ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കിണറ്റിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നെന്നും സിസ്റ്റര്‍ അഭയയുടെ ശിരോവസ്ത്രവും ചെരിപ്പും കിണറിന് സമീപത്ത് കണ്ടെന്നും നേരത്തേ സിസ്റ്റര്‍ അനുപമ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു.എന്നാല്‍ അസ്വാഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്നാണ് സിസ്റ്റര്‍ അനുപമ ഇന്നലെ കോടതിയില്‍ പറഞ്ഞത്.ഇതേത്തുടര്‍ന്ന് സാക്ഷി കൂറുമാറിയതായി സിബിഐ കോടതി പ്രഖ്യാപിക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ടാം പ്രതിയായ ഫാ ജോസ് പുതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ് പി കെ ടി മൈക്കിള്‍ എന്നിവരെ കുറ്റ വിമുക്തരാക്കിയിരുന്നു. 2009 -ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികള്‍ നിരന്തരം ഇടപെട്ട് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വിചാരണ വൈകിയത്.