കൊല്ലം: പ്രവാസികളെ കബളിപ്പിച്ച് അഭിഭാഷകന്‍ തട്ടിയെടുക്കുന്നത് ലക്ഷങ്ങള്‍. കരുനാഗപ്പള്ളി സ്വദേശിയും കരുനാഗപ്പള്ളി മുനിസിപ്പല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന അഭിഭാഷകനാണ് പലവിധ തട്ടിപ്പുകളുമായി പ്രവാസികള്‍ക്കിടയില്‍ സജീവമായിരിക്കുന്നത്. സൈനിക സേവനത്തില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ഇയാള്‍ അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞത്. ദുബൈ കേന്ദ്രമാക്കി സൗഹൃദങ്ങള്‍ സ്ഥാപിക്കുക എന്നതാണ് ഇയാളുടെ ആദ്യപടി. തുടര്‍ന്ന് നാട്ടിലും ദുബൈയിലുമായി കേസില്‍ പെട്ടവരെ ഒരുരൂപ പോലും വാങ്ങാതെ സഹായിക്കാമെന്ന് പറഞ്ഞ് പാട്ടിലാക്കും. വക്കാലത്ത് ഒപ്പിട്ടുകഴിഞ്ഞാല്‍ പലകാരണങ്ങള്‍ പറഞ്ഞ് പതിനായിരം മുതല്‍ ഒരുലക്ഷം രൂപവരെ ഇയാള്‍ വാങ്ങിയെടുക്കും. കൂടാതെ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനെ ജയിലില്‍ നിന്ന് മോചിതനാക്കിയതിന് മുന്‍കൈയെടുത്തത് താനാണെന്ന് പറഞ്ഞും ഇയാള്‍ ആളുകളെ കബളിപ്പിക്കുന്നുണ്ട്. മനുഷ്യാവകാശ സംഘടനയുടെ പേരും പറഞ്ഞ് ഇയാള്‍ അറ്റ്‌ലസ് രാമചന്ദ്രനെയും ഭാര്യ ഇന്ദുമതിയെയും കണ്ടിരുന്നുവെങ്കിലും ഈ സംഘടനയില്‍ നിന്ന് ഈ അഭിഭാഷകനെ പുറത്താക്കിയെന്നാണ് അറിയുന്ന വിവരം. കൂടാതെ തന്റെ ജയില്‍ മോചനത്തിലേക്ക് നയിച്ചതിന് പിന്നില്‍ മറ്റാരുടെയും പ്രവൃത്തിയില്ലെന്നും ഭാര്യ ഇന്ദുമതിയുടെ പ്രയത്‌നങ്ങള്‍ മാത്രമാണെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
അഭിഭാഷക വൃത്തിയുടെ നൈതികതക്ക് നിരക്കാത്ത പലകാര്യങ്ങളും ഈ വ്യക്തി ചെയ്യുന്നുവെന്ന് പരാതികള്‍ കൂടുന്നുണ്ടെങ്കിലും അഡ്വക്കേറ്റ് എന്ന പേരില്‍ ഇയാളെ സാധാരണക്കാര്‍ ഭയക്കുകയാണ്. പ്രവാസികളുടെ ഉന്നമനത്തിനായാണ് തന്റെ പ്രവര്‍ത്തനമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ദുബൈയില്‍ സജീവമാകുകയും വ്യവസായികളെയും സാധാരണക്കാരായ തൊഴിലാളികളെയും ഉള്‍പ്പെടെ കൈയിലെടുക്കുന്ന ഇയാള്‍. തുടര്‍ന്ന് തട്ടിപ്പുകള്‍ ആരംഭിക്കുകയാണ് ചെയ്യുന്നത്. പലവിധ കാരണങ്ങളാല്‍ ദുബൈ ജയിലിലായവരുടെ കേസ് നടത്താമെന്ന് പറഞ്ഞ് നാട്ടിലെ അവരുടെ ബന്ധുക്കളുടെ കൈയില്‍ നിന്ന് പണംവാങ്ങുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പരാതിക്കാരില്‍ നിന്ന് പണംവാങ്ങുകയും ശേഷം കേസ് ഒത്തുതീര്‍ക്കാന്‍ എന്നുപറഞ്ഞ് എതിര്‍കക്ഷികളില്‍ നിന്നും ഈ അഭിഭാഷകന്‍ പണംവാങ്ങുന്നുണ്ട്. തുടര്‍ന്ന് യാതൊന്നും സംഭവിക്കാതെ വരുന്നതോടെയാണ് ഇയാളുടെ തട്ടിപ്പുകള്‍ ജനം തിരിച്ചറിഞ്ഞുതുടങ്ങുന്നത്.
ഈ അഭിഭാഷകന്റെ തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞുകൊണ്ട് കക്ഷികള്‍ കേസുകളില്‍ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കുകയാണ്. 2017/ക്രൈം എം.സി 5047, hghcourt 2015 OS/138, SUB TVM 16.03.2018, 2015/1988 മുന്‍സിഫ് ടി.വി.എം 16.02.2018, 2016 OS 45 SUBTVM 2.2.18, പേരൂര്‍ക്കട ക്രൈം നമ്പര്‍ 1777/2016, 2295/2016, 2016 OS 188 തുടങ്ങിയ കേസുകള്‍ ഈ അഭിഭാഷകനില്‍ നിന്ന് വക്കാലത്തൊഴിവാക്കിയിട്ടുണ്ട്. വ്യവസായിയായ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായ ശേഷം ഇദ്ദേഹത്തിന്റെയും ഭാര്യ ഇന്ദുമതിയുടെയും ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച് തെറ്റിദ്ധാരണാജനകമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാണ് നാട്ടുകാരെ ഇപ്പോള്‍ കബളിപ്പിക്കുന്നത്. കൂടാതെ പ്രവാസികളുടെ പേരില്‍ പല പേപ്പര്‍ സംഘടനകള്‍ രൂപീകരിച്ച് സ്വീകരണങ്ങളും അവാര്‍ഡുകളും സംഘടിപ്പിച്ച് സ്വന്തം നിലയില്‍ പേരെടുക്കുകയാണ് ഈ അഭിഭാഷകന്റെ മാര്‍ക്കറ്റിംഗ് തന്ത്രം. ഈ അഭിഭാഷകന്റെ തട്ടിപ്പുകള്‍ക്കിരയായ നിരവധി പ്രവാസികളാണ് ഇപ്പോള്‍ സംഘടിച്ച് രംഗത്തെത്തിയിരിക്കുന്നത്. തട്ടിപ്പിനിരയായ പ്രവാസികള്‍ ബാര്‍ ആസോസിയേഷനില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ഈ അഭിഭാഷകന്റെ തട്ടിപ്പുവാര്‍ത്തകള്‍ അടുത്തദിവസങ്ങളില്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ പരമ്പര ആരംഭിക്കുന്നതാണ്.