ദില്ലി:മുന്‍പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ എബി വാജ്പേയി 93 അന്തരിച്ചു.ദില്ലിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 11 -നാണ് വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്നലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന വാര്‍ത്ത പുറത്തുവന്നത്.
തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
അദ്ദേഹം ചരിത്രത്തില്‍ ആദ്യമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസുകാരനല്ലാത്ത പ്രധാനമന്ത്രിയാണ്.മൂന്നു തവണ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയായി.1996ല്‍ 13 ദിവസവും 1998ല്‍ 13 മാസവും അധികാരത്തിലിരുന്ന അദ്ദേഹം 1999 മുതല്‍ 2004 വരെ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭരിച്ചു.1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ രണ്ടു വര്‍ഷം വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം.2014ല്‍ ഭാരത്രത്നം നല്കി രാജ്യം വാജ്പേയിയെ ആദരിച്ചു.
ഇന്ത്യയിലെ മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായ വാജ്പേയി രാഷ്ട്രീയക്കാരനെന്നതിലുപരി എഴുത്തുകാരനും കവിയുമായിരുന്നു.ഹിന്ദിയില്‍ അദ്ദേഹത്തിന്റെ രചനകള്‍ സംഗീത ആല്‍ബങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്.
1924ല്‍ ഗ്വാളിയോറില്‍ കവിയും അധ്യാപകനുമായ കൃഷ്ണ ബിഹാരി വാജ്പേയിയുടേയും കൃഷ്ണ ദേവിയുടേയും മകനായാണ് വാജ്പേയിയുടെ ജനനം. ഗ്വാളിയോറിലെ വിക്ടോറിയ കോളജില്‍ നിന്നും ഇംഗ്ലീഷിലും ഹിന്ദിയിലും സംസ്കൃതത്തിലും ബിരുദം കരസ്ഥമാക്കി.കാണ്‍പുരിലെ ദയാനന്ദ് ആംഗ്ലോ വേദിക് കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി.ആദ്യകാലത്ത് സിപിഎമ്മിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ എഐഎസ്എഫില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറുകയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോഡി,കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
