കേരളത്തിലെ കോൺഗ്രസ്സ് ജംമ്പോ കമ്മറ്റിയൊക്കെ വെട്ടിക്കുറച്ച് സംഘടനയെ മാന്യമായി കൊണ്ടുനടക്കാനുറച്ചു തന്നെയാണ് മുല്ലപ്പള്ളി കേരളത്തിലേക്കെത്തിയത്.എം എൽ എ മാരെയും എം പി മാരേയും പാർട്ടി ഭാരവാഹികളാക്കരുത് എന്ന മുല്ലപ്പള്ളിയുടെ നിലപാട് പാർട്ടി പ്രവർത്തകരുടെ ആഗ്രഹം മനസ്സിലാക്കിത്തന്നെയായിരുന്നു.പക്ഷേ കോൺഗ്രസ്സ് നേതാക്കൻമാർക്ക് പലർക്കും അത്തരം ഔചിത്യബോധമില്ല.അടൂർ പ്രകാശ്,വി എസ് ശിവകുമാർ തുടങ്ങിയ കോൺഗ്രസ്സ് ജനപ്രതിനിധികൾ ഒപ്പം പാർട്ടി പദവിയും ആഗ്രഹിക്കുന്നു.കോൺഗ്രസ്സിൽ ഒരാൾക്ക് ഒരു പദവി എന്ന വാദത്തിന് പിന്തുണ വർദ്ധിക്കുകയാണ്. മുൻ കെ പി സി സി അദ്ധ്യക്ഷൻ കെ മുരളീധരൻ ഈ വിഷയത്തിൽ മുല്ലപ്പള്ളിയോടൊപ്പമാണ്. ഭാരവാഹി നിർണയ ചർച്ചകളിൽ തന്റെ അഭിപ്രായം ഒരിക്കൽ പോലും ചോദിച്ചില്ല എന്ന പരാതി ഉയർത്തിയിട്ടുണ്ട് മുരളി . ഭാരവാഹിത്വത്തിൽ നിന്നും ജനപ്രതിനിധികളെ ഒഴിവാക്കുക തന്നെ വേണം എന്ന് മുരളി ആവർത്തിച്ചാവശ്യപ്പെടുന്നു.റോജി എം ജോൺ എം എൽ എ യും സമാനമായ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ഈ വിഷയത്തിൽ എ കെ ആന്റണിയുടെ നിലപാട് വളരെ നിർണായകമാണ്.