തൃശ്ശൂര്‍:ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പൊലീസിന്റെ പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്നും മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസിന് ബോധ്യമായി.കൊല നടത്തിയത് പ്രാദേശിക എസ്ഡിപിഐ നേതൃത്വത്തിന്റെ അറിവോടെയാണെന്നും പ്രതി സമ്മതിച്ചു.
ചാവക്കാട് എസ്ഡിപിഐയില്‍ നിന്ന് നിരവധിയാളുകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് നൗഷാദിന്റെ സ്വാധീനം മൂലമാണെന്നതാണ് വൈരാഗ്യത്തിന്റെ പ്രധാന കാരണം.കൂടാതെ എസ്ഡിപിഐ പ്രവര്‍ത്തകനെ നൗഷാദ് നേരത്തെ ആക്രമിച്ചതും പകയ്ക്ക് ആക്കം കൂട്ടിയെന്നും മുബീന്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. നേരത്തേ രണ്ടു തവണ നൗഷാദിനെ കൊലപ്പെടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും പ്രതി പറഞ്ഞു.
ബുധനാഴ്ച രാത്രിയിലാണ് ചാവക്കാട് പുന്നയില്‍ നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത് ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു. ഗുരുതര പരുക്കേറ്റ നൗഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐക്കാരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞിരുന്നു.