തിരുനെല്‍വേലി: പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് കണ്ട്് നാലംഗ കുടുംബം തമിഴ്നാട്ടില്‍ കലക്ട്രേറ്റിന് മുന്നില്‍ തീ കൊളുത്തി. തിരുനെല്‍വേലിയിലാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കെ നാലംഗ കുടുംബം പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്മയും രണ്ട് പെണ്‍മക്കളും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അച്ഛന്‍ ചികിത്സയിലാണ്.
കടയനല്ലൂര്‍ കാശിദര്‍മ്മം സ്വദേശികളായ ഇസക്കി മുത്തു(28), ഭാര്യ സുബ്ബുലക്ഷ്മി(25), മക്കളായ മധുശരണ്യ(5), അക്ഷയ ഭരണിക(2) എന്നിവരാണ് പലിശക്കാരുടെ നിരന്തര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കലക്ട്രേറ്റിന് മുന്നില്‍ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും രക്ഷിക്കാനായില്ല.
എട്ട് മാസം മുമ്പ് ടി മുത്തുലക്ഷ്മി എന്ന സ്ത്രീയില്‍ നിന്ന് സുബ്ബുലക്ഷ്മി 1.45 ലക്ഷം രൂപ കടം വാങ്ങുകയും പലിശയടക്കം 2.34 ലക്ഷം രൂപ പലതവണയായി തിരിച്ച് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 1.45 ലക്ഷം രൂപ കൂടുതല്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതോടെയാണ് കുടുംബം ആത്മഹത്യയിലേക്ക് നീങ്ങിയത്. ഇത് കാണിച്ച് കുടുംബം നേരത്തെ നിരവധി തവണ ജില്ലാ കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് കുടുംബം കളക്ട്രേറ്റിന് മുന്നില്‍ പരസ്യമായി തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.