തിരുവനന്തപുരം:പിഎസ്‌സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസില്‍ പ്രതികളും എസ്എഫ്‌ഐ നേതാക്കളുമായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചു.പിഎസ്സിയുടെ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉത്തരങ്ങള്‍ എസ്എംഎസായി ചോര്‍ന്നുകിട്ടിയെന്നാണ് ഇരുവരും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്.70 ശതമാനത്തിലേറെ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചത് എസ്എംഎസ് വഴിയാണെന്ന് പ്രതികള്‍ സമ്മതിച്ചു.എന്നാല്‍ ഇവരെ പുറത്തുനിന്നും സഹായിച്ചതാരെന്നതിന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ പ്രതികള്‍ തട്ടിപ്പ് നടത്തിയെന്ന കാര്യം സമ്മതിച്ചില്ല. കൂട്ടുകാരോട് ചോദിച്ചും മറ്റും എഴുതിയെന്നാണ് ഇരുവരും പറഞ്ഞത്.എന്നാല്‍ പരീക്ഷയിലെ ചില ചോദ്യങ്ങള്‍ അന്വേഷണസംഘം പ്രതികളോട് ചോദിച്ചതോടെയാണ് ഉത്തരങ്ങള്‍ അറിയില്ലെന്നു വ്യക്തമായത്. തുടര്‍ന്ന് തെളിവുകള്‍ നിരത്തിയുള്ള ചോദ്യംചെയ്യലില്‍ പ്രതികള്‍ തട്ടിപ്പ് നടത്തിയതായി സമ്മതിച്ചു. എന്നാല്‍ ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും എസ്എംഎസ് വഴി ഉത്തരങ്ങള്‍ അയച്ച എസ്എപി ക്യാമ്പിലെ പൊലീസുകാരന്‍ ഗോകുല്‍,സുഹൃത്ത് സഫീര്‍ എന്നിവര്‍ ഒളിവിലാണ്. മുഖ്യപ്രതികളായ ഇവര്‍ പിടിയിലായാല്‍ മാത്രമേ കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയുള്ളു.