പാലക്കാട്:ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ലൈംഗീകാരോപണമുന്നയിച്ച് പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവ് സംഘടനയില്‍ നിന്നും രാജിവെച്ചു.ശശിക്കെതിരെ പരാതി നല്‍കിയപ്പോള്‍ അനുകൂല നിലപാടെടുത്തവരെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി.സംഘടനയുടെ എല്ലാ ഘടകങ്ങളില്‍നിന്നും രാജിവെക്കുന്നതായി പെണ്‍കുട്ടി രാജിക്കത്തില്‍ പറയുന്നു.ആരോപണവിധേയനെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്നുപോകാനാവില്ലെന്നും യുവതി പറയുന്നു.
പാലക്കാട് ഡിവൈഎഫ്‌ഐ ഘടകത്തില്‍ പുനസംഘടന നടന്നപ്പോള്‍ പ്രസിഡന്റും സെക്രട്ടറിയും മാറിയതിനൊപ്പം, പെണ്‍കുട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റാക്കി. പെണ്‍കുട്ടിക്ക് പിന്തുണ നല്‍കിയ ജില്ലാ സെക്രട്ടേറിയേറ്റംഗത്തെ ജില്ലാ കമ്മറ്റിയിലേക്കും തരംതാഴ്ത്തി.ശശി പക്ഷത്തിന് ഡിവൈഎഫ്‌ഐ ഘടകത്തില്‍ വീണ്ടും മേല്‍ക്കൈ ഉറപ്പിക്കുന്നതാണ് പുനസംഘടയെന്നാണ് സൂചന.
നേതൃമാറ്റത്തെക്കുറിച്ച് ധാരണയിലെത്താന്‍ മണ്ണാര്‍ക്കാട് മേഖലയില്‍ ശശിയെ അനുകൂലിക്കുന്ന നേതാക്കള്‍ കഴി രഹസ്യയോഗം ചേര്‍ന്നതായും പറയപ്പെടുന്നു. എന്നാല്‍ സംഘടനാപരമായി സജീവമല്ലാത്തവരേയും പ്രായപരിധി കഴിഞ്ഞവരെയമാണ് ഒഴിവാക്കിയതെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം.