മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ അത്ഭുതാപൂർവ്വമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു രാജ് താക്കറെയുടെ രാഷ്ട്രീയ പൊതുയോഗങ്ങൾ .മോഡി വിരുദ്ധതയായിരുന്നു രാജ് താക്കറെയുടെ പ്രസംഗങ്ങളിൽ നിറഞ്ഞു നിന്നത്.എന്നാൽ നിയമസഭയിലേക്ക് ഒരു പ്രതിനിധിയെ മാത്രമേ രാജ് താക്കറെയുടെ നവനിർമാൺ സേനയ്ക്ക് വിജയിപ്പിക്കാൻ കഴിഞ്ഞുള്ളു എന്നത് രാഷ്ട്രീയ നിരീക്ഷകരിൽ പോലും അമ്പരപ്പുണ്ടാക്കി.തോൽ‌വിയിൽ നിന്നും പാഠമുൾക്കൊണ്ട് പുതിയ പരീക്ഷണങ്ങൾക്കു തയ്യാറായാണ് രാജ് താക്കറെയുടെ ഇത്തവണത്തെ വരവ് .നാസിക് -കൊങ്കൺ മേഖലയിലെ കരുത്തനായ മറാത്താ നേതാവാണ് രാജ് താക്കറെ .ബാൽ താക്കറെയുടെ രൂപസാദൃശ്യവും ജനങ്ങളെ സ്വാധീനിക്കുന്നുണ്ട് .കത്തിക്കയറുന്ന പ്രസംഗ ശൈലിയും രാജ് താക്കറെക്ക്‌ കൈമുതലായുണ്ട് .

കോൺഗ്രസ് ,എൻ സി പി കക്ഷികളുമായി സഖ്യത്തിൽ മഹാരാഷ്ട്ര  ഭരിക്കുന്ന ശിവസേനയ്ക്ക് തീവ്ര ഹിന്ദു നിലപാടുകൾ കൈമോശം വന്നിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് രാജിന്റെ കണ്ണ് . ആദ്യപടിയായി പാർട്ടി പതാകയിൽ സമൂലമായ മാറ്റം വരുത്തിയിരിക്കുകയാണ് നവ നിർമ്മാൺ സേന.മറ്റു നിറങ്ങൾ ഒഴിവാക്കി പൂർണ്ണമായും കാവിയണിഞ്ഞതാണ് പുതിയ കൊടി.ചിഹ്നമായി ശിവാജി മഹാരാജാവിന്റെ അടയാള മുദ്രയുമുണ്ട്.തീവ്ര ഹിന്ദു നിലപാടുകൾ സ്വീകരിച്ച് ശിവസേനയിൽ നിന്നും ഹിന്ദു വോട്ടുകൾ അടർത്തിമാറ്റുക എന്നതാണ് രാജ് താക്കറെയുടെ  ഉദ്ദേശം എന്നത് വ്യക്തം .  മഹാരാഷ്ട്ര ഭരണം കൈമോശം വന്ന ബി ജെ പിക്ക്  ശിവസേനയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ ആയുധമാവുകയാണ് രാജ് താക്കറെയുടെ നവ നിർമ്മാൺ സേന .രണ്ടു കൂട്ടർക്കും നേട്ടമാകും ഈ കൂട്ടുകെട്ട് . രാജ് താക്കറെയും ബി ജെ പിയും തമ്മിൽ ഇതിനോടകം  ധാരണയിലെത്തിക്കഴിഞ്ഞു .ഇനിയങ്ങോട്ട് മറാത്താ രാഷ്ട്രീയം സംഭവബഹുലമാകും എന്നത് തീർച്ചയാണ് .