തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പിതാവ് കെ സി ഉണ്ണി മുഖ്യമന്ത്രിക്ക് നിവേദനം നല്കി. ബാലഭാസ്കറിന്റെ അപകട മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനാല്‍ തന്നെ അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും കെ സി ഉണ്ണി പറയുന്നു.
ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.അപകടം പുനരാവിഷ്കരിച്ചും മറ്റും അന്വേഷണം കാര്യക്ഷമമായി നടത്തിയെങ്കിലും അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ബാലഭാസ്കറിന്റെ സുഹൃത്തുക്കളും സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളുമായ പ്രകാശന് തമ്പിയെയും വിഷ്ണു സോമസുന്ദരത്തെയും ഡി ആര്‍ഐ കസ്റ്റഡിയില്‍ ചോദ്യം ചെയ്തെങ്കിലും ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത സംശയിക്കാവുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ല.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് പള്ളിപ്പുറത്തുവെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരപരുക്കേറ്റാണ് ബാലഭാസ്കര്‍ മരിച്ചത്. ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി സംഭവസ്ഥലത്തുവെച്ചും ബാലഭാസ്കര്‍ ആശുപത്രിയിലുമാണ് മരിച്ചത്.ഭാര്യ ലക്ഷ്മിയും ഡ്രൈവറും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.