ചെന്നൈ:മകള്‍ തന്നെ അനുസരിക്കാതെ കാമുകനൊപ്പം നാടു വിട്ടതിനെത്തുടര്‍ന്ന് ഒരു അമ്മ ചെയ്ത പ്രവര്‍ത്തി ചര്‍ച്ചയാവുകയാണ്. തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. പത്തൊന്‍പതുകാരിയായ മകള്‍ അഭി അയല്‍ക്കാരനായ സന്തോഷിനൊപ്പം നാടുവിട്ടതിനെത്തുടര്‍ന്ന് അമ്മ അമരാവതിയാണ് നാടൊട്ടുക്ക് ആദരാഞ്ജലി പോസ്റ്റര്‍ ഒട്ടിച്ചത്. മകള്‍ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നു കാണിച്ചാണ് പോസ്റ്റര്‍ ഒട്ടിച്ചത്.
അഭി സന്തോഷിനൊപ്പം നാടുവിട്ടതിന്റെ പിറ്റേദിവസമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് പോസ്റ്റര്‍ ഒട്ടിച്ചത് അമരാവതിയാണെന്നു മനസിലായത്. ഇയാള്‍ വിവരം പോലീസിലറിയിച്ചതിനെത്തുടര്‍ന്ന് അമരാവതിയെ ചോദ്യം ചെയ്തപ്പോഴാണ് അവര്‍ സത്യം പറഞ്ഞത്. ഭര്‍ത്താവ് മരിച്ചശേഷം മൂന്നു പെണ്‍മക്കളെ വളരെ പ്രയാസപ്പെട്ട് വളര്‍ത്തിയതാണെന്നും ഒരു മകള്‍ തന്നെ ധിക്കരിച്ച് ഇറങ്ങിപ്പോയതിലുള്ള ദേഷ്യവും വിഷമവും കാരണമാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്നും അവര്‍ പറഞ്ഞു. സന്തോഷ് മുന്‍പ് വിവാഹം കഴിച്ചയാളായതുകൊണ്ടാണ് എതിര്‍ത്തതെന്നും പറയുന്നു. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.