തൃശൂര്‍:”താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടണമെന്നും ഫേസ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരിയും ആകാശവാണി ജീവനക്കാരിയുമായ കെ.ആര്‍ ഇന്ദിരക്കെതിരെ പോലീസില്‍ പരാതി.കൊടുങ്ങല്ലൂര്‍ മീഡിയ ഡയലോഗ് സെന്റര്‍ പ്രവര്‍ത്തകന്‍ എം.ആര്‍ വിപിന്‍ദാസ് ആണ് കൊടുങ്ങല്ലൂര്‍ പോലിസില്‍ പരാതി നല്‍കിയത്.കെ ആര്‍ ഇന്ദിരക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഫേസ്ബുക്കില്‍ നടക്കുന്നത്.അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായത് സംബന്ധിച്ച കുറിപ്പും അതിലെ കമന്റുകളോടുള്ള എഴുത്തുകാരിയുടെ പ്രതികരണങ്ങളുമാണ് സമൂഹമാധ്യമത്തില്‍ രൂക്ഷ വിമര്‍ശനത്തിന് കാരണമായത്.
ഫേസ്ബുക്കില്‍ പതിവായി ഒരു സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്തുന്ന വിധത്തില്‍ കുറിപ്പുകള്‍ ഇടുന്നത് പതിവാക്കിയ ഇന്ദിരക്കെതിരെ നടപടി സ്വീകരിക്കാത്ത ആകാശവാണി അധികൃതരുടെ നിലപാടിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.
നേരത്തെ കമ്മട്ടിപ്പാടം സിനിമയിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് ലഭിച്ചതിനെയും കെ.ആര്‍ ഇന്ദിര കടുത്ത ജാതീയമായ രീതിയില്‍ വിമര്‍ശനമുന്നയിക്കും അത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ഇടതന്മാര്‍ക്കെതിരെ ഹോളോകോസ്റ്റ് (ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല നടത്തിയതിന് പറയുന്ന പരമാര്‍ശം) നടത്തിയാലോ എന്ന് ആലോചിക്കുന്നുവെന്നും ഇന്ദിര ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അങ്ങനെ പല ഘട്ടങ്ങളില്‍ കെ ആര്‍ ഇന്ദിര നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ഇപ്പോള്‍ വ്യാപകമായി ഉയര്‍ന്നുവരികയും ചെയ്തതോടെ ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധവും നടക്കുകയാണ്.സൈബര്‍ സെല്ലിലും ഇന്ദിരയ്‌ക്കെതിരെ നിരവധിപേര്‍ പരാതി നല്‍കിക്കഴിഞ്ഞു.