ദാമന്‍: ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്ന കാരം പറഞ്ഞ് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന് ഉടന്‍ തിരിച്ചു ജോലിയില്‍ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്.രാജി അംഗീകരിക്കുന്നതുവരെ ജോലിയില്‍ തുടരാനാണ് ദാമന്‍ ദിയു ഭരണകൂടം നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സില്‍വാസയില്‍ അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിന്റെ വാതിലിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്.ഇക്കാര്യത്തില്‍ കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചിട്ടില്ല.
കോട്ടയം സ്വദേശിയായ കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്രനദര്‍ ഹവേലി,ദാമന്‍ ദിയു, എന്നിവിടങ്ങളിലെ വൈദ്യുത പാരന്പര്യേത-ഊര്‍ജവകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് രാജിവെച്ചത്. ജമ്മുകശ്മീര്‍ വിഷയത്തില്‍ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കില്ലെന്നു കാട്ടി ഓഗസ്റ്റ് 21-നാണ് കണ്ണന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു രാജിക്കത്ത് നല്‍കിയത്. എന്നാല്‍ കണ്ണന്റെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ നല്‍കിയ നോട്ടീസില്‍ നിന്നും വ്യക്തമാവുന്നത്.