തിരുവനന്തപുരം:അഗസ്ത്യാര്‍കൂടവും ഇനി സ്ത്രീകള്‍ക്ക്
അന്യമല്ല.ശബരിമലയ്ക്കു പിന്നാലെ സ്ത്രീപ്രവേശനം അനുവദിക്കാത്ത അഗസ്ത്യാര്‍കൂടത്തിലും നടന്നുകയറാന്‍ നിയമത്തിന്റെ കൂട്ടുപിടിച്ച സ്ത്രീക്കൂട്ടായ്മ വിജയം കാണുകയായിരുന്നു.ആദ്യമായി അഗസ്ത്യാര്‍കൂടത്തിലേക്ക് കയറാന്‍ ഇന്ന് രജിസ്റ്റര്‍ ചെയ്ത 4,100 പേരില്‍ നിരവധി സ്ത്രീകളുമുണ്ട്.ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് അഗസ്ത്യാര്‍കൂട യാത്ര.ഒരുദിവസം നൂറുപേര്‍ക്ക് പ്രവേശനം നല്‍കും.ഒരാള്‍ക്ക് ആയിരം രൂപയാണ് പ്രവേശന ഫീസ്.
നെയ്യാര്‍ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ ഇതുവരെ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഇതിനെതിരെയാണ് സ്ത്രീക്കൂട്ടായ്മ കോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും. സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 14 വയസ്സിന് മുകളില്‍ പ്രായവും കായികകക്ഷമതയുമുള്ള ആര്‍ക്കുവേണമെങ്കിലും അപേക്ഷിക്കാമെന്ന് വനം വകുപ്പ് വിഞ്ജാപനം ഇറക്കിയിരുന്നു.
സന്ദര്‍ശകരോട് വിവേചനം പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെങ്കിലും യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്റെ വനിതാ ഗാര്‍ഡുമാരുടെ സേവനമുണ്ടാകും.
അതേസമയം അഗസ്ത്യാര്‍കൂടം ക്ഷേത്രംകാണിക്കാര്‍ ട്രസ്റ്റ് സ്ത്രീകളെ പ്രവേശിക്കുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.