കോവിഡ് വാക്‌സിന്‍ വാങ്ങാനായി 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നുവെന്നൊരു പ്രഖ്യാപനം സര്‍ക്കാർ നടത്തിയിരുന്നു എന്ന് ഓർമ്മിപ്പിക്കുകയാണ് പി സി വിഷ്ണുനാഥ് എംഎല്‍എ.
വാക്‌സിന്‍ വാങ്ങുന്നതിനായി ‘വാക്‌സിന്‍ ചലഞ്ച്’ മുഖേന മുഖ്യമന്ത്രി തന്നെ നേരിട്ട് ജനങ്ങളോട് അഭ്യർത്ഥിച്ചു പണം സമാഹരിച്ചിരുന്നു.

പുതുതായി ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പിയാണ് ചുവടെ. ഇതുപ്രകാരം സി.എം.ഡി.ആര്‍.എഫില്‍ നിന്നും 20 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ വാങ്ങുന്നതിനുവേണ്ടി പണം അനുവദിച്ചിരിക്കയാണ്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ആവശ്യമനുസരിച്ച് വാക്‌സിന്‍ വാങ്ങുന്നതിനു വേണ്ടി നൂറ്റി ഇരുപത്തിയാറ് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മുന്‍കൂറായി അനുവദിച്ചത്.

ഉത്തരവില്‍ പറയുന്നത് പ്രകാരമാണെങ്കില്‍ വാങ്ങുന്ന വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കൊടുക്കുന്നു. സ്വകാര്യ ആശുപത്രികള്‍ അതിന്റെ തുക സര്‍ക്കാറിന് നല്‍കേണ്ടതാണ്. പകരം ജനങ്ങള്‍ക്ക് വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ അവരില്‍ നിന്നും പണം ഈടാക്കും.

ഫലത്തില്‍ ഈ വാക്‌സിന്‍ വാങ്ങിയതിന്റെ പണം സര്‍ക്കാറിന് ജനങ്ങള്‍ കൊടുക്കുകയാണ്.

അപ്പോള്‍ വാക്‌സിന്‍ ചലഞ്ച് മുഖേന സമാഹരിച്ച പണം എന്തു ചെയ്യും? ബജറ്റില്‍ ഇതിനായി മാറ്റിവെച്ച തുക എന്തു ചെയ്യും?

മുന്‍ഗണനാ ക്രമത്തില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് സര്‍ക്കാര്‍ മറന്നോ?
കൃത്യവും വ്യക്തവുമായ ഉത്തരം നല്‍കേണ്ടത് സര്‍ക്കാറാണ്. ജനാധിപത്യമാണ്.ജനങ്ങളോട് ഉത്തരം പറയാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.