ഇപ്പോള്‍ ട്രോളന്മാരുടെ ഇര സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം ആണ്. ‘ജിമിക്കി കമ്മല്‍’ പാട്ടിനെ വിമര്‍ശിച്ചുകൊണ്ട് ഇത്തരമൊരു പാട്ട് എന്തുകൊണ്ട് കേരളത്തില്‍ ഹിറ്റായി മാറിയെന്നത് ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന ചിന്തയുടെ അഭിപ്രായമാണ് കാരണം.

‘മലയാളത്തില്‍ ഇന്ന് ഹിറ്റായിക്കൊണ്ടിരിക്കുകയാണ് ജിമിക്കിയും കമ്മലും. ഒരു കാര്യം നമ്മള്‍ മനസിലാക്കുക. കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കികമ്മല്‍ ഇടുന്നവരല്ല. എല്ലാ അമ്മമാരുടെയും ജിമിക്കികമ്മല്‍ മോഷ്ടിച്ചുകൊണ്ടുപോകുന്ന അച്ഛന്‍മാരും ഈ കേരളത്തിലില്ല. ഇനി അഥവാ, അമ്മയുടെ ജിമിക്കിക്കമ്മല്‍ മോഷ്ടിച്ചു കൊണ്ടുപോയാല്‍ ആ ദേഷ്യത്തിന് ബ്രാണ്ടിയെടുത്ത് കുടിക്കുന്ന അമ്മമാരും ഈ കേരളത്തിലില്ല. എന്നിട്ടും എന്തുകൊണ്ട് ജിമിക്കിയും കമ്മലും ഹിറ്റായി മാറുന്നു എന്നത് നമ്മള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം’- ഇതാണ് ചിന്തയുടെ വാക്കുകള്‍.
ചിന്താ ജെറോമിനെതിരെ നിമിഷങ്ങള്‍ക്കകം ട്രോളുകളുമെത്തി. നിരവധി വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ ചിന്തക്കെതിരെ ഉയര്‍ന്നു കഴിഞ്ഞു. ഷാന്‍ റഹ്മാനും അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങളും ചിന്തയെ വിമര്‍ശിച്ച് രംഗത്തെത്തി.

പലതരം മണ്ടത്തരം കണ്ടിട്ടുണ്ട്, പക്ഷേ മണ്ടത്തരം ഒരു അബദ്ധമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് ഷാന്‍ തന്റെ സമൂഹ മാധ്യമത്തില്‍ കുറിച്ചത്.’ദേവരാജന്‍ മാസ്റ്ററും ഓ എന്‍ വീ സാറും ഒന്നും ജീവിച്ചിരിപ്പില്ലാത്തത് നന്നായി. ഉണ്ടായിരുന്നെങ്കില്‍ ‘പൊന്നരിവാള്‍ എങ്ങിനെ അമ്പിളി ആവും?’, ‘അങ്ങനെ ആയാല്‍ തന്നെ, ആ അമ്പിളിയില്‍ എങ്ങിനെ കണ്ണ് ഏറിയും?’, ‘കണ്ണ് എറിയാനുള്ളതാണോ? കല്ല് അല്ലെ എറിയാനുള്ളത്?’ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നേനെ…!’ മുരളി ഗോപി പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലേതാണ് ഈ പാട്ട്. അനില്‍ പനച്ചൂരാനാണ് വരികള്‍ കുറിച്ചത്. പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ്. യുട്യൂബില്‍ നിരവധി റെക്കോര്‍ഡുകള്‍ തീര്‍ത്ത പാട്ടാണിത്.