തിരുവനന്തപുരം:മൂന്നു ദിവസം മുന്‍പ് വരെ കോണ്‍ഗ്രസിനുവേണ്ടി വാദിച്ച ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ.കോണ്‍ഗ്രസിനു പുറത്തേക്കു പോകുന്നത് വടക്കനെപ്പോലെ ജനപിന്തുണയില്ലാത്തവരാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്റെ പരിഹാസത്തില്‍ പൊതിഞ്ഞ വിമര്‍ശനം.
ഫേസ്ബുക് പോസ്റ്റ് ചുവടെ :-
വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്,എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട’.

എന്നാല്‍ സ്വന്തം നാട്ടില്‍ പോലും പത്താളുടെ പിന്‍തുണയില്ലാത്തയാളിനെയാണോ വക്താവാക്കുന്നതെന്ന രീതിയിലുള്ള കമന്റുകളും ബല്‍റാമിന്റെ പോസ്റ്റിനു താഴെ കാണാം.
പുല്‍വാമ ഭീകരാക്രമണത്തിലെ പാര്‍ട്ടിയുടെ നിലപാടാണ് രാജിക്കു പ്രേരിപ്പിച്ചതെന്നാണ് ടോം വടക്കന്‍ പറഞ്ഞത്.അതേസമയം കോണ്‍ഗ്രസിനെ വടക്കന്‍ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും പാര്‍ട്ടിയിലെ കുടുംബമേധാവിത്വത്തില്‍ മടുപ്പായെന്നും ടോം വടക്കന്‍ പറഞ്ഞു.എന്നാല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നുള്ള നിരന്തരമായ ആവശ്യം പാര്‍ട്ടി തള്ളിക്കളഞ്ഞതാണ് ടോം വടക്കന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.