ഡല്‍ഹി: ഇന്ത്യയിലെ ദാരിദ്രരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും മാസം 12000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി.എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കാത്തിരിക്കുന്ന വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഒരക്ഷരം പോലും രാഹുല്‍ പറഞ്ഞില്ല.എഐസിസി പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ന്യായ് പദ്ധതിയുടെ പ്രഖ്യാപനം.വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ മല്‍സരിക്കുന്നതില്‍ തീരുമാനമറിയിക്കുമെന്ന് കാത്ത് വയനാട് ഡിസിസിയില്‍ നേതാക്കള്‍ ടിവിക്കു മുന്നിലിരുന്നത് വെറുതെയായി. ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നത്.
രാജ്യത്തെ 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങള്‍ക്ക് ന്യായ് പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും.രാജ്യത്തെ 20 ശതമാനം വരുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് മാസംത്തോറും 6000 മുതല്‍ 12000 വരെ ലഭിക്കുന്ന പദ്ധതിയുടെ ഗുണം ലഭിക്കും.എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനപരിധി നിശ്ചയിച്ച് നടപ്പാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് 12,000 രൂപ വരെയാകും ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള മിനിമം വരുമാനപരിധി. 12,0000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസസഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,0000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വക്താവ് രണ്‍ധീപ് സുര്‍ജെവാല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
