ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനുള്ള നിര്‍ദേശത്തില്‍ നിയമംഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബില്‍ അവതരിപ്പിക്കാന്‍ 12 ആഴ്ചത്തെ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തും. ഇക്കാര്യത്തില്‍ വേഗത്തില്‍ നടപടികളെടുക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതോടെ മലയാളികളടക്കമുള്ള ലക്ഷകണക്കിന് പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാനുമെന്നുറപ്പായി.

വിദേശത്തുള്ള ഇന്ത്യക്കാര്‍ തിരഞ്ഞെടുപ്പില്‍ പ്രതിനിധികളെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുന്നതിനും നിയമഭേദഗതിക്കുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ജൂലായില്‍ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഇതിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തിരിക്കുന്നത്.