തിരുവനന്തപുരം:സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി.പാലക്കാട്ട് നിറുത്തിയിട്ടിരുന്ന മൂന്ന് കെ.എസ്.ആര്‍.ടി സി ബസ്സുകളുടെ ചില്ല് അടിച്ച് തകര്‍ത്തു.പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.കോഴിക്കോട്ട് നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ പൊലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി.ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കുമെന്നറിയിച്ചിരുന്നെങ്കിലും പലയിടത്തും ശബരിമല സര്‍വീസ് മുടങ്ങി.ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് മണിക്കൂറോളം മുടങ്ങി.പമ്പയിലേക്ക് പോയ 19 ബസുകള്‍ തിരിച്ചെത്താത്തതാണ് കാരണം. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താല്‍ ദൂരെദേശങ്ങളില്‍നിന്നു വരുന്ന ശബരിമല തീര്‍ത്ഥാടകരെ ഏറെ വലയ്ക്കുന്നുണ്ട്.
അക്രമം നടത്തുന്നവര്‍ക്കെതിരെയും സഞ്ചാരസ്വാതന്ത്ര്യം തടയുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവരെ ഉടനടി അറസ്റ്റുചെയ്ത് കേസെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കും.സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കോടതികള്‍ക്കും ആവശ്യമായ സുരക്ഷ നല്‍കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.