പമ്പ:കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനൊപ്പം ഉണ്ടായിരുന്ന വാഹനം പരിശോധിച്ച സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്.തടഞ്ഞത് മന്ത്രിയെയല്ലെന്നും പിന്നാ
ലെ വന്ന വാഹനമെന്നും പോലീസ്.പോലീസിന്റെ വിശദീകരണം സാധൂകരിച്ചുകൊണ്ട് മന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ലെന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.                                             ശബരിമലയില്‍ നേരത്തെയുണ്ടായ സംഘര്‍ഷത്തില്‍ പങ്കുള്ള ഒരു വ്യക്തിയുടെ സാന്നിധ്യം സംശയിച്ചതിനെ തുടര്‍ന്നാണ് കാര്‍ തടഞ്ഞു പരിശോധിച്ചതെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറഞ്ഞു.ശബരിമല ദര്‍ശനം കഴിഞ്ഞു തിരിച്ചു വന്ന മന്ത്രിയുടെ കാര്‍ പമ്പയില്‍ നിന്നും പോയി അഞ്ച് മിനിറ്റിന് ശേഷമാണ് ഒരു ഇന്നോവ കാര്‍ പിന്നാലെ പോയത്.നേരത്തെയുണ്ടായ സംഘര്‍ഷങ്ങളിലെ പ്രതിയായ ഒരാള്‍ കാറിലുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വാഹനം തടഞ്ഞ് പരിശോധിച്ചത്. എന്നാല്‍ പ്രതി ആ വാഹനത്തിലുണ്ടായിരുന്നില്ല. രാത്രി ഒരു മണിയോടെ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു വാഹനപരിശോധന.
വിവരമറിഞ്ഞ് കേന്ദ്രമന്ത്രി അവിടേക്ക് തിരിച്ചുവരികയായിരുന്നു.മന്ത്രിയെത്തിയ  വിവരമറിഞ്ഞ് എസ്പി നേരിട്ടെത്തി കാര്യങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. വാഹനം പരിശോധിച്ചതിന്റെ ചെക്ക് റിപ്പോര്‍ട്ടും മന്ത്രിക്ക് നല്‍കി.അരമണിക്കൂറോളം വണ്ടി റോഡില്‍ നിര്‍ത്തേണ്ടി വന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും പോലീസ് പറഞ്ഞു.
മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും പോയതിന് ശേഷമാണ് ഈ ഇന്നോവ കാര്‍ പോയത്. ചെക്ക് റിപ്പോര്‍ട്ട് അല്ലാതെ രേഖാമൂലമുള്ള മറുപടിയോ വിശദീകരണമോ മന്ത്രിക്ക് നല്‍കിയിട്ടില്ലെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.