വെല്ലൂര്‍:രാജീവ് വധക്കേസിലെ പ്രതി നളിനി ഇന്നു ജയിലിനു പുറത്തേക്ക്.പരോള്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ ഹാജരായി വാദിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയതിനെ ത്തുടര്‍ന്നാണ് നളിനി പുറത്തിറങ്ങുന്നത്.ഉച്ചയ്ക്ക് രണ്ടുമണിക്ക് നളിനിയെ ഹാജരാക്കാനാണ് വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് കോടതിയുടെ നിര്‍ദേശം.27 കൊല്ലത്തെ ജയില്‍ ജീവിതത്തിനിടെ ഇതു രണ്ടാം തവണയാണ് നളിനി പുറത്തിറങ്ങുന്നത്.2016 ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങിനു വേണ്ടി ഒരു ദിവസം മാത്രമാണ് ഇതിനു മുന്‍പ് നളിനി ജയിലിനു പുറത്തിറങ്ങിയിട്ടുള്ളത്.
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴു പ്രതികളിലൊരാളാണ് നളിനി.ജീവ പര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തെ പരോളിന് അവകാശമുണ്ടെന്നും എന്നാല്‍ തനിക്ക് ഇതേവരെ പരോള്‍ ലഭിച്ചിട്ടില്ലെന്നും പറഞ്ഞാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.ഒരു പ്രതിക്ക് വ്യക്തിഗതമായി കോടതിമുമ്പാകെ എത്താനുള്ള അവകാശം ഉപയോഗിച്ചാണ് നളിനിക്ക് കോടതി സ്വയം വാദിക്കാന്‍ അനുമതി നല്‍കിയത്. ജയിലില്‍ വച്ചുണ്ടായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറുമാസത്തെ പരോള്‍ ചോദിച്ചാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്.