ബാങ്കോക്ക്:പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു.തായ്ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ എല്ലാവരും സുരക്ഷിതരായി പുറത്തെത്തി.നാലു കുട്ടികളേയും കോച്ചിനേയും ഇന്നു പുറത്തെത്തിച്ചതോടെ അതിസാഹസികമായ മൂന്നുദിവസത്തെ രക്ഷാപ്രവര്‍ത്തനം വിജയകരമായി പര്യവസാനിച്ചു.ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ പുറത്തെത്തിച്ചിരുന്നു.
കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീല്‍ യൂണിറ്റ് സ്ഥിരീകരിച്ചു.രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്.ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അണുബാധയുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ ആദ്യം രക്ഷപ്പെട്ട നാലുകുട്ടികളെ ദൂരെ നിന്നാണ് രക്ഷിതാക്കള്‍ കണ്ടത്.നിര്‍ജലീകരണവും പോഷകാഹാരക്കുറവും കുട്ടികളുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്.കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്ബോള്‍ ടീമിലെ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ ഗുഹയില്‍ കുടുങ്ങിയത്.ഇവര്‍ ഗുഹയില്‍ പ്രവേശിച്ചതിനു പിന്നാലെ കനത്തമഴയും മണ്ണിടിച്ചിലുമുണ്ടായി ഗുഹാമുഖം അടയുകയായിരുന്നു.ഞായറാഴ്ചയാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.13 വിദേശ സ്‌കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്ലാന്‍ഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിടെ നേവിയുടെ ഒരു മുങ്ങല്‍വിദഗ്ദ്ധന്‍ മരിച്ചിരുന്നു.
