കല്‍പ്പറ്റ:സ്ഥാനാര്‍ത്ഥികള്‍ക്കു ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടിനു പിന്നാലെ വയനാട്ടില്‍ വിവിധയിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച് സ്പെഷല്‍ ബ്രാഞ്ച്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തണ്ടര്‍ബോള്‍ട്ടും പോലീസും പരിശോധന ശക്തമാക്കി.എല്‍ഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്നു കഴിഞ്ഞദിവസം സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോവാനോ പ്രചരണസ്ഥലങ്ങളില് ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. എന്‍ഡിഎ
സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.പി. സുനീര്‍ സുരക്ഷ വേണ്ടെന്നാണറിയിച്ചത്.
തെരഞ്ഞെടുപ്പു പ്രചരണം തുടങ്ങിയതിനു പിന്നാലെ ജില്ലയില്‍ വിവിധയിടങ്ങളില്‍ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ പതിച്ചിരുന്നു. തുടര്‍ന്ന് വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ തണ്ടര്‍ ബോള്‍ട്ട് നിരീക്ഷണം ശക്തമാക്കിയിരുന്നു.
16-ന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി ജില്ലയിലെത്തുന്ന സാഹചര്യത്തില്‍ എസ്പിജിയും ജില്ലയിലെത്തി പരിശോധനകള്‍ നടത്തും.