തിരുവനന്തപുരം:ടിവി 9 ഭാരത്‌വര്‍ഷ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയശേഷം വീഡിയോ കെട്ടിച്ചമച്ചതെന്നു പറഞ്ഞ എം കെ രാഘവന്റെ വാദം ശരിയല്ലെന്ന് നടന്‍ ഷമ്മി തിലകന്‍.തന്റെ ശബ്്ദം വീഡിയോയില്‍ ഡബ് ചെയ്ത് ചേര്‍ത്തതാണെന്ന് എംകെ രാഘവന്‍ പറഞ്ഞതിനെ വസ്തുതകള്‍ നിരത്തി ഖണ്ഡിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റു കൂടിയായ ഷമ്മി തിലകന്‍.നിലവില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് എംപിയുമായ എം കെ രാഘവന്റെ പേരു പരാമര്‍ശിക്കാതെയാണ് ഷമ്മി തിലകന്‍ ഫേസ്ബുക് പോസ്റ്റിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ:-

സ്റ്റിങ്ഓപ്പറേഷന്‍വീഡിയോയിലെശബ്ദംഡബ്ബിംഗ്_അല്ല.

അന്യ ഭാഷയില്‍ നിന്നുള്ള നടീനടന്മാര്‍ക്ക് ഡബ്ബ് ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. അനേകം നടന്മാര്‍ക്ക് ശബ്ദം നല്‍കാനുള്ള അവസരവും ഭാഗ്യവും എനിക്കുണ്ടായിട്ടുണ്ട്. 1994-ലും, 2018-ലും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ജോഷിസാര്‍, ജിജോ, രാജീവ് കുമാര്‍, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയ സംവിധായകര്‍ തങ്ങളുടെ ചില ചിത്രങ്ങളില്‍ ഡബ്ബിങ്ങിന്റെ മേല്‍നോട്ടം എന്നെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്..!

എന്റെ അനുഭവത്തില്‍, എന്റെ തന്നെ ശബ്ദത്തില്‍ അല്പസ്വല്പം മാറ്റം വരുത്തി മറ്റൊരു വ്യക്തിക്ക് ഡബ്ബ് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍, സമൂഹത്തില്‍ സുപരിചിതമായ ഒരു ശബ്ദം അനുകരിച്ച് (മിമിക്രി) ഡബ്ബ് ചെയ്യുക എന്നത് താരതമ്യേനെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

കടത്തനാടന്‍_അമ്ബാടി എന്ന ചിത്രത്തില്‍ അനശ്വര നടന്‍ #പ്രേംനസീറിന് അദ്ദേഹത്തിന്റേത് തന്നെ എന്ന് തോന്നും വിധത്തില്‍ ശബ്ദം അനുകരിച്ച് നല്‍കിയത് ഞാനായിരുന്നു. പ്രേംനസീറിന്റെ ശബ്ദം അനുകരിക്കുന്നതില്‍ പ്രാവീണ്യം തെളിയിച്ച അനേകം മിമിക്രി താരങ്ങളെയും, രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും അദ്ദേഹത്തിന്റെ ‘അപരനായ’ ജയറാമിനെയും പരീക്ഷിച്ച് തൃപ്തിയാകാതായ ശേഷമാണ് ആ ദൗത്യം എന്നെ ഏല്‍പ്പിച്ചത്..! നസീര്‍ സാറിന്റെ മാധുര്യമുള്ള ആ ശബ്ദത്തിനോട് ഒരു ഏകദേശ സാമ്യം വരുത്തുവാന്‍ മാത്രമേ എനിക്കും കഴിഞ്ഞിട്ടുള്ളൂ എന്ന് ഈ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന സീന്‍ ആവര്‍ത്തിച്ച് കേട്ടാല്‍ മനസ്സിലാക്കാവുന്നതാണ്. ഇത്രയെങ്കിലും എനിക്ക് സാധിച്ചത് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഹരികുമാര്‍ എന്ന് റിക്കോര്‍ഡിസ്റ്റിന്റെ കൂടി കഴിവിന്റെ പിന്‍ബലത്തിലാണ്.

എന്നാല്‍, കോഴിക്കോട് MP-യുടെ വിവാദ വീഡിയോയുടെ കാര്യത്തില്‍ ധാരാളം സങ്കീര്‍ണ്ണതകള്‍ ഉണ്ട്.

  1. വീഡിയോയില്‍ കാണുന്ന MP-യുടെ ഡബ്ബ് ചെയ്തതെന്ന് അവകാശപ്പെടുന്ന ശബ്ദവും, അദ്ദേഹം പൊട്ടിക്കരഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ അദ്ദേഹത്തിന്റെ ഒറിജിനല്‍ ശബ്ദവും നൂറുശതമാനവും സാമ്യമുള്ളതായി ആവര്‍ത്തിച്ച് കേട്ടാല്‍ വ്യക്തം.
  2. വീഡിയോയില്‍ MP യഥാര്‍ത്ഥത്തില്‍ പറഞ്ഞ വാചകങ്ങള്‍ മാറ്റി ഡബ്ബ് ചെയ്തതാണെങ്കില്‍, അദ്ദേഹത്തിന്റെ ”ചുണ്ടിന്റെ ചലനവും”, മാറ്റി ഡബ്ബ് ചെയ്ത ശബ്ദവും തമ്മില്‍ യാതൊരു കാരണവശാലും ചേര്‍ന്ന് പോകില്ല. എന്നാല്‍ ഇവിടെ അദ്ദേഹത്തിന്റെ ചുണ്ടിന്റെ ചലനം, കൈകളുടെ ചലനങ്ങള്‍, ശരീരഭാഷ എല്ലാം ശബ്ദത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.
  3. ഒരു വീഡിയോ റെക്കോര്‍ഡിങ് വേളയില്‍, അവിടത്തെ അന്തരീക്ഷത്തിലെ ശബ്ദങ്ങളും ചേര്‍ന്നാണ് റെക്കോര്‍ഡ് ആവുക. അതില്‍ എഡിറ്റിംഗ് നടത്തിയാല്‍ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് പോലും മനസ്സിലാക്കാന്‍ സാധിക്കും.

ഇത്രയും കാര്യങ്ങള്‍ പ്രാഥമികമായ പരിശോധനയില്‍ എനിക്ക് ബോധ്യപ്പെട്ടതാണ്. കൂടുതല്‍ വിശദമായ പരിശോധന നടത്തിയാല്‍ കൂടുതല്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാകും എന്ന് വ്യക്തം..
ഈ വിവാദത്തില്‍ ശ്രദ്ധിക്കാതെ പോയേക്കാവുന്ന ചില സാങ്കേതികതകള്‍ പറയണമെന്ന വിചാരത്തില്‍ ഇത്രയും കുറിക്കുന്നു.